തൃശ്ശൂര്‍: വിവാദങ്ങൾക്കും സംഘർഷങ്ങൾക്കുമൊടുവിൽ തൃശ്ശൂര്‍ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ താല്‍ക്കാലിക അധ്യക്ഷനായി വി കെ ശ്രീകണ്ഠന്‍ എംപി ചുമതലയേറ്റു. ജില്ലയിലെ മുതിര്‍ന്ന നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ് നടന്നത്. തൃശ്ശൂരിലെ പ്രശ്‌നങ്ങള്‍ ഒറ്റക്കെട്ടായി പരിഹരിക്കുമെന്ന് ചുമതലയേറ്റ ശേഷം ശ്രീകണ്ഠന്‍ പറഞ്ഞു. മുതിര്‍ന്ന നേതാക്കളുമായുള്ള ചര്‍ച്ചക്ക് ശേഷം ഡിസിസി ഓഫീസിലെത്തിയാണ് അദ്ദേഹം ചുമതലയേറ്റത്.
‘ഒരു തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടു എന്ന് കരുതി ഒന്നും അവസാനിക്കുന്നില്ല എന്നും തോൽവികളിൽ നിന്നും പാഠമുൾക്കൊണ്ട പാർട്ടിയാണ് കോൺഗ്രസ്. പ്രശ്നങ്ങൾ പരിഹരിച്ച് ജില്ലയിലെ കോൺഗ്രസിനെ മുന്നോട്ട് കൊണ്ട് പോകും.” വികെ ശ്രീകണ്ഠൻ പറഞ്ഞു.
മുതിർന്ന നേതാവ് തേറമ്പിൽ രാമകൃഷ്ണൻ ഒപ്പമാണ് വി. കെ ശ്രീകണ്ഠൻ ഡിസിസി ഓഫീസിൽ എത്തിയത്. മുൻ അധ്യക്ഷൻ ജോസ് വളളൂർ, ടി. എം പ്രതാപൻ, എന്നിവരും ചടങ്ങിന് എത്തിയിരുന്നു.

































