പ്രായമാകലിന്റെ ലക്ഷണങ്ങൾ ഏറ്റവും ആദ്യം ബാധിക്കുക ചർമ്മത്തെയാണ്. മുഖത്തു വീഴുന്ന ചുളിവുകള്‍, കണ്ണിനു താഴെയുള്ള കറുപ്പ്, രക്ത ഓട്ടമില്ലാതെ വിളറി വെളുത്ത ചര്‍മം, അയഞ്ഞു തൂങ്ങുന്ന സ്കിൻ എന്നിവയെല്ലാം പ്രായം തോന്നിപ്പിക്കും.
പ്രായമാകലിന്റെ ലക്ഷണങ്ങൾ കുറയ്ക്കാൻ സഹായിക്കുന്ന 7 ആന്റി ഏജിംഗ് ഭക്ഷണങ്ങൾ പരിചയപ്പെടാം. എ, സി, ഇ തുടങ്ങിയ വിറ്റാമിനുകളാൽ സമ്പുഷ്ടമാണ് ഈ സൂപ്പർഫുഡുകൾ. കൂടാതെ വാർദ്ധക്യത്തിന് കാരണമാകുന്ന ഫ്രീ റാഡിക്കലുകളെ ചെറുക്കാൻ സഹായിക്കുന്ന ആന്റിഓക്‌സിഡന്റുകളും ഇവയിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്.
ഈ ഭക്ഷണങ്ങൾ ഓക്സിഡേറ്റീവ് സ്ട്രെസ് കുറയ്ക്കാനും ചർമ്മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും മൊത്തത്തിലുള്ള ക്ഷേമത്തെ പിന്തുണയ്ക്കാനും സഹായിക്കും.
പപ്പായ
പപ്പായയിൽ കൊളാജൻ ഉൽപ്പാദനം വർദ്ധിപ്പിക്കുന്ന പപ്പൈൻ എന്ന എൻസൈം ധാരാളം അടങ്ങിയിട്ടുണ്ട്. ചർമ്മത്തിന്റെ ഇലാസ്തികതയ്ക്കും ആരോഗ്യത്തിനും സഹായിക്കുന്ന ഒന്നാണ് കൊളാജൻ. കൂടാതെ പപ്പായയിൽ വിറ്റാമിൻ എ, സി, ഇ, ആന്റിഓക്‌സിഡന്റുകൾ എന്നിവയും അടങ്ങിയിട്ടുണ്ട്. ഇത് ചർമ്മത്തിന്റെ ഈർപ്പം നിലനിർത്തുകയും പ്രായമാകൽ പ്രക്രിയകളെ മന്ദഗതിയിലാക്കാൻ സഹായിക്കുകയും ചെയ്യുന്നു.
മത്തങ്ങ വിത്തുകൾ
ചര്‍മ്മത്തിനും മുടിയ്ക്കും അനുയോജ്യമായ വിവിധ ഗുണങ്ങൾ മത്തങ്ങ വിത്തിൽ അടങ്ങിയിട്ടുണ്ട്. സിങ്ക്, ഒമേഗ-3, ഒമേഗ 6, ഇരുമ്പ്, കാല്‍സ്യം, അമിനോ ആസിഡുകള്‍, മറ്റ് അവശ്യ വിറ്റാമിനുകളും ധാതുക്കളും ഇതിൽ അടങ്ങിയിരിക്കുന്നു. ചര്‍മ്മത്തിന് അത്യന്താപേക്ഷിതമായ പോഷകങ്ങളാണ് സിങ്കും വിറ്റാമിന്‍ ഇയും. മത്തങ്ങ വിത്തിൽ അടങ്ങിയ ഈ പോഷകങ്ങൾ പുതിയ ചര്‍മ്മകോശങ്ങളും കൊളാജനും ഉത്പാദിപ്പിക്കാന്‍ സഹായിക്കുന്നു. ഇവ നിങ്ങളുടെ ചര്‍മ്മത്തിന്റെ പ്രതിരോധശേഷി നിലനിര്‍ത്തുന്നതിന് സഹായിക്കുന്നു.
വെജിറ്റബിൾ ജ്യൂസ്
തിളങ്ങുന്ന ചർമ്മം നേടാൻ വെജിറ്റബിൾ ജ്യൂസ് സഹായിക്കും. ആന്റി ഓക്സിഡന്റുകൾ ധാരാളമായി അടങ്ങിയിരിക്കുന്ന വെജിറ്റബിൾ ജ്യൂസുകൾ ഫ്രീ റാഡിക്കൽ ഡാമേജിൽ നിന്നും സംരക്ഷണമേകും.
”ചർമ്മത്തിന്റെ ആരോഗ്യം വർധിപ്പിക്കുന്ന വിറ്റാമിനുകളും ധാതുക്കളും ആന്റിഓക്‌സിഡന്റുകളും പച്ചക്കറി ജ്യൂസുകളിൽ നിറഞ്ഞിരിക്കുന്നു. കൂടാതെ, പച്ചക്കറികളിൽ വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്. ഇത് കൊളാജൻ ഉൽപാദനത്തിന് അത്യന്താപേക്ഷിതമാണ്. വൈറ്റമിൻ സി ഒരു ആന്റിഓക്‌സിഡന്റായും പ്രവർത്തിക്കുന്നു. ഇത് സൂര്യാഘാതത്തിൽ നിന്നും പരിസ്ഥിതി മലിനീകരണങ്ങളിൽ നിന്നും ചർമ്മത്തെ സംരക്ഷിക്കും,” കപൂർ വ്യക്തമാക്കി.
പച്ചക്കറി ജ്യൂസിൽ അടങ്ങിയിരിക്കുന്ന മറ്റൊരു പ്രധാന പോഷകം പൊട്ടാസ്യം ആണ്. ഇത് ശരീരത്തിലെ ദ്രാവകങ്ങളുടെ സന്തുലിതാവസ്ഥയെ നിയന്ത്രിക്കുന്നു. ചർമ്മത്തിന്റെ ആരോഗ്യത്തിന് ആവശ്യത്തിന് ജലാംശം വേണം. പച്ചക്കറി ജ്യൂസിലെ ഉയർന്ന ജലാംശം ചർമ്മത്തെ ഈർപ്പവും മൃദുലവുമായി നിലനിർത്താൻ സഹായിക്കുന്നുവെന്ന് അവർ പറഞ്ഞു.
ഇളനീർ
ഇളനീരിൽ കൈനെറ്റീൻ എന്നൊരു ഫൈറ്റോ ഹോർമോൺ അടങ്ങിയിട്ടുണ്ട്. ഇതിന് ആന്റി ഓക്സിഡന്റ് ഗുണങ്ങളും ആന്റി ഏജിംഗ് ഗുണങ്ങളുമുണ്ട്. ചർമ്മത്തിന്‍റെയും തലമുടിയുടെയും ആരോഗ്യവും സൗന്ദര്യവും വർധിപ്പിക്കാൻ ഇളനീര്‍ സഹായിക്കും. ചര്‍മ്മത്തിലെ ദൃഢതയും ഇലാസ്തികതയും നിലനിര്‍ത്താനും ചര്‍മ്മത്തിലെ ചുളിവുകളെ അകറ്റാനും ഇവ സഹായിക്കും.
ഫ്ളാക്സ് സീഡ്സ്
ധാരാളം ചർമ്മസംരക്ഷണ ഗുണങ്ങൾ വാഗ്ദാനം ചെയ്യുന്ന ഒന്നാണ് ഫ്ളാക്സ് സീഡ്സ് (ചണവിത്ത്). ഫ്ളാക്സ് സീഡിൽ അടങ്ങിയ ഒമേഗ 3 കൊളാജൻ പ്രൊഡക്ഷനെ സഹായിക്കും. ചർമ്മത്തിലെ ചുളിവുകളെ പ്രതിരോധിക്കുകയും അകാലവാർദ്ധക്യത്തിന്റെ മറ്റു ലക്ഷണങ്ങളിൽ നിന്നും സംരക്ഷിക്കുകയും ചെയ്യും. ചണവിത്തിൽ അവശ്യ ഫാറ്റി ആസിഡുകൾ, ആന്റിഓക്‌സിഡന്റുകൾ, നാരുകൾ എന്നിവ അടങ്ങിയിട്ടുണ്ട്. ഇവ പോഷകങ്ങളുടെയും മൈക്രോ ന്യൂട്രിയന്റുകളുടെയും കലവറയാണ്. ചർമ്മത്തിന് ആരോഗ്യകരമായ തിളക്കം നൽകാൻ ഇവയ്ക്കു കഴിയും.
ഇഞ്ചിയും മഞ്ഞളും
ഇഞ്ചിയ്ക്കും മഞ്ഞളിനും ആന്റി ഏജിംഗ് ഗുണങ്ങളുണ്ട്. ഇവ ഡിഎൻഎ ഡാമേജ് കുറയ്ക്കുകയും ഡിഎൻഎ റിപ്പയറിനു സഹായിക്കുകയും ചെയ്യും. ഒപ്പം കൊളാജൻ പ്രൊഡക്ഷനെ സഹായിക്കുകയും ചുളിവുകൾ കുറയ്ക്കുകയും ചെയ്യും.
ചിയ സീഡ്സ്
ചർമ്മത്തിനും മുടിക്കും ഏറെ ആരോഗ്യഗുണങ്ങൾ സമ്മാനിക്കുന്ന ഒന്നാണ് ചിയ സീഡ്സ്. ചിയ വിത്തുകളിലെ ഉയർന്ന അളവിലുള്ള ആന്റിഓക്‌സിഡന്റുകൾ യുവി എക്സ്പോഷർ മൂലമുണ്ടാകുന്ന ഫ്രീ റാഡിക്കലുകളെ ചെറുക്കാൻ സഹായിക്കുന്നു. നേർത്ത വരകളും ചുളിവുകളും പോലുള്ള വാർദ്ധക്യത്തിന്റെ ലക്ഷണങ്ങളെ തടയാൻ ഇത് സഹായിക്കും. വിറ്റാമിൻ എ, വിറ്റാമിൻ സി, ഇരുമ്പ്, പൊട്ടാസ്യം തുടങ്ങിയ പോഷകങ്ങളാൽ സമ്പന്നമായ ചിയ സീഡ്സ് പതിവായി കഴിക്കുന്നത് ചർമ്മത്തിന്റെ തിളക്കവും ഇലാസ്തികതയും വർദ്ധിപ്പിക്കും.































