സൗദി അറേബ്യ സന്ദർശിക്കാൻ ആഗ്രഹിക്കുന്ന വിദേശികൾക്ക് ഒരു മാസത്തിനു ശേഷം ടൂറിസ്റ്റ് വിസകൾ വീണ്ടും അനുവദിച്ചു തുടങ്ങുമെന്ന് ടൂറിസം മന്ത്രി അഹ്മദ് അൽഖതീബ് വെളിപ്പെടുത്തി. സൗദി സമ്മർ സീസൺ 2024 വിശദാംശങ്ങൾ അറിയിക്കാൻ അബഹയിൽ സംഘടിപ്പിച്ച ഗവൺമെന്റ് പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. സൗദിയിൽ സമീപ കാലം വരെ മൊത്തം ആഭ്യന്തരോൽപാദനത്തിൽ ടൂറിസം മേഖലാ സംഭാവന മൂന്നു ശതമാനം മാത്രമായിരുന്നു.
ആഗോള തലത്തിൽ ഇത് പത്തു ശതമാനമാണ്. കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെ നിർദേശാനുസരണം ടൂറിസം മേഖല വികസിപ്പിക്കാൻ നിശ്ചയാദാർഢ്യത്തോടെ മുന്നോട്ടുപോവുകയാണ്. ജി-20 രാജ്യങ്ങളുടെ കൂട്ടത്തിൽ ടൂറിസം മേഖലയിൽ ഏറ്റവും വലിയ വളർച്ചയുള്ളത് സൗദിയിലാണ്. ഈ വർഷം ആദ്യ പകുതിയോടെ മൊത്തം ആഭ്യന്തരോൽപാദനത്തിൽ വിനോദസഞ്ചാര വ്യവസായ മേഖലയുടെ സംഭാവന അഞ്ചു ശതമാനമായി ഉയർന്നു. സ്വകാര്യ മേഖലക്ക് പിന്തുണ നൽകാൻ ടൂറിസം വികസന നിധി സ്ഥാപിച്ചിട്ടുണ്ട്. ബന്ധപ്പെട്ട എല്ലാ വകുപ്പുകളും പരസ്പര ഏകോപനത്തോടെ പ്രവർത്തിച്ചതാണ് ടൂറിസം മേഖലയിലെ വിജയത്തിന് പ്രധാന കാരണം.
സൗദിയിൽ വൈവിധ്യമാർന്ന ഭൂപ്രദേശമുണ്ട്. ലോകരാജ്യങ്ങളിൽ നിന്ന് വിനോദസഞ്ചാരികളെ ആകർഷിക്കാൻ സഹായിക്കുന്ന പ്രധാന ഘടകമാണിത്. സൗദി ജനത ടൂറിസ്റ്റുകളെ സ്വാഗതം ചെയ്യുകയും ആതിഥ്യമരുളുകയും ചെയ്യുന്നു. ഈ വർഷം ആദ്യ പകുതിയിൽ ആറു കോടി ടൂറിസ്റ്റുകൾ സൗദിയിലെ വിനോദസഞ്ചാര കേന്ദ്രങ്ങൾ സന്ദർശിച്ചു. ഇവർ 15,000 കോടി റിയാൽ രാജ്യത്ത് ചെലവഴിച്ചു. ലോകത്തെ എല്ലാ രാജ്യങ്ങൾക്കും ഹോട്ടലുകളും വ്യതിരിക്തമായ സൗകര്യങ്ങളും നിർമിക്കാൻ കഴിയും. എന്നാൽ സവിശേഷമായ മാനവശേഷി സൗദി അറേബ്യയുടെ പ്രധാന പ്രത്യേകതയാണെന്നും ടൂറിസം മന്ത്രി പറഞ്ഞു
2019 മുതലാണ് സൗദി അറേബ്യ ടൂറിസ്റ്റ് വിസകൾ അനുവദിക്കാൻ തുടങ്ങിയത്. തുടക്കത്തിൽ 49 രാജ്യങ്ങളിൽ നിന്നുള്ളവർക്കാണ് ഇ-വിസകൾ അനുവദിക്കാൻ തുടങ്ങിയത്. ലോകത്ത് ടൂറിസ്റ്റുകളുടെ എണ്ണത്തിലും വിനോദസഞ്ചാരികളുടെ ധനവിനിയോഗത്തിലും 80 ശതമാനം ഈ രാജ്യങ്ങളുടെ വിഹിതമാണ്. പിന്നീട് 15 ലേറെ രാജ്യങ്ങൾക്കു കൂടി ഇ-വിസകൾ അനുവദിക്കാൻ തുടങ്ങി. ചില രാജ്യക്കാർക്ക് സൗദി എയർപോർട്ടുകളിലും അതിർത്തി പ്രവേശന കവാടങ്ങളിലും വെച്ച് ഓൺ അറൈവൽ വിസയും മുൻകൂട്ടി നേടുന്ന ഇ-വിസയും മറ്റു രാജ്യക്കാർക്ക് മുൻകൂട്ടി ഇ-വിസ മാത്രവുമാണ് അനുവദിക്കുന്നത്. സൗദി അറേബ്യ പ്രവേശന വിലക്കേർപ്പെടുത്താത്ത, ലോകത്തെ എല്ലാ രാജ്യങ്ങളിൽ നിന്നുമുള്ളവർക്കും എളുപ്പത്തിൽ ഇ-വിസ ലഭിക്കും. ഒരു വർഷ കാലാവധിയുള്ള മൾട്ടിപ്പിൾ എൻട്രി വിസയിൽ പരമാവധി 90 ദിവസം വരെയാണ് സൗദിയിൽ തങ്ങാൻ കഴിയുക.

































