റിയാദ്: സൗദി അറേബ്യയിൽ ജീവനക്കാരുടെ വിരമിക്കൽ പ്രായം 65 ആയി ഉയർത്തി. സൗദി വിഷൻ 2030 പരിഷ്കരണ പദ്ധതികളുടെ ഭാഗമായാണ് തീരുമാനം. കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രി സഭാ യോഗം ഇതുമായി ബന്ധപ്പെട്ട തീരുമാനത്തിന് അംഗീകാരം നൽകുകയായിരുന്നു. സൗദിയിലെ പൊതുമേഖലയിലും സ്വകാര്യമേഖലയിലും ജോലി ചെയ്യുന്നവർക്ക് പുതിയ തീരുമാനം ബാധകമാവും. നിലവിൽ 58 വയസ്സാണ് രാജ്യത്തെ വിരമിക്കൽ പ്രായം. ജോലിയിൽ നിന്ന് വിമരിച്ച ശേഷം പൗരന്മാരും പ്രവാസികളുമായ ജീവനക്കാർക്ക് സുസ്ഥിരമായ ജീവിത സാഹചര്യം ഉറപ്പാക്കാനും വിരമിച്ചവരുടെ ജീവിത നിലവാരം മെച്ചപ്പെടുത്താനുമാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്ന് സൗദി മനുഷ്യവിഭവ സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. ഈ മാറ്റത്തോടൊപ്പം സോഷ്യൽ ഇൻഷുറൻസ് JL സംവിധാനത്തിൽ സുപ്രധാന ഭേദഗതികളും മന്ത്രിസഭാ യോഗം അംഗീകരിച്ചതായി ജനറൽ ഡയറക്ടറേറ്റ് ഫോർ റിട്ടയർമെൻ്റ് അഫയേഴ്സ് അറിയിച്ചു. ഇത് രാജ്യത്തെ ജീവനക്കാർക്ക് ഉയർന്ന പെൻഷൻ ആനുകൂല്യങ്ങൾ ലഭിക്കുന്നതിന് കാരണമാകുമെന്നും വിലയിരുത്തപ്പെടുന്നു.
പുതിയ റിട്ടയർമെൻ്റ് പ്രായം ക്രമാനുഗതമായി നടപ്പിലാക്കാനാണ് അധിക്യതർ പദ്ധതിയിടുന്നത്. പുതിയ പ്രായപരിധി എത്തുന്നതുവരെ ഓരോ മാസവും ജീവനക്കാരുടെ വിരമിക്കൽ പ്രായം നാല് മാസം കണ്ട് വർധിപ്പിക്കാനാണ് നിലവിലെ തീരുമാനം. ഈ ഉത്തരവ് പുറപ്പെടുവിക്കുന്ന സമയത്ത് 48 വയസും ആറു മാസവും പ്രായമുള്ള പൗരന്മാർക്കാണ് വിരമിക്കൽ പ്രായം വർധിപ്പിച്ചു കൊണ്ടുള്ള നിയമം ബാധകമാവുക.
നിലവിൽ ഇതിന് മുകളിൽ പ്രായമുള്ള ജീവനക്കാർക്ക് 58 വർഷവും 4 മാസവും എന്നത് നിശ്ചിത വിരമിക്കൽ പ്രായമായി നിലനിർത്തും. ഇവരുടെ വിരമിക്കൽ പ്രായത്തിലോ മറ്റ് ആനുകൂല്യങ്ങളിലോ മാറ്റങ്ങൾ വരുത്തില്ലെന്നും അധികൃതർ ഇതിനോടകം വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം, പദ്ധതി നിലവിൽ വരുന്ന സമയത്ത് 29 വയസ്സിന് താഴെ പ്രായമുള്ളവർക്ക്, അവരുടെ വിരമിക്കൽ (പ്രായം 65 വയസ്സായി നിശ്ചയിക്കും.
രാജ്യത്തെ ശരാശരി ആയുർദൈർഘ്യത്തിലുണ്ടായ വർധനവ് കൂടി പ്രതിഫലിപ്പിക്കുന്നതാണ് പുതിയ തീരുമാനം. 1969ൽ 52 വയസ്സ് ആയിരുന്നു രാജ്യത്തെ ശരാശരി ആയുർദൈർഘ്യമെങ്കിൽ 2022ൽ അത് 78 ആയി ഉയർന്നിരുന്നു.
































