ജിദ്ദ: സൗദിയിൽ സ്വദേശി, വിദേശ നിക്ഷേപകർക്കിടയിൽ സമത്വം ഉറപ്പാക്കുന്ന തരത്തിൽ നിക്ഷേപ നിയമം മന്ത്രിസഭ പരിഷ്‌കരിച്ചു. പുതുക്കിയ നിയമം അടുത്ത വർഷാദ്യം പ്രാബല്യത്തിൽവരും. നിക്ഷേപം നിയന്ത്രിക്കാനും അത് നിയമപരമായി വിനിയോഗിക്കാനും ബിസിനസ് നടത്താൻ ആവശ്യമായ ലൈസൻസുകൾ സ്വന്തമാക്കാനും രാജ്യത്തിനകത്തും പുറത്തേക്കും പണം ട്രാൻസ്ഫർ ചെയ്യാനുമുള്ള സ്വാതന്ത്ര്യം അടക്കം എട്ടു അടിസ്ഥാന അവകാശങ്ങൾ പുതിയ നിയമം വിദേശ നിക്ഷേപകർക്ക് വാഗ്ദാനം ചെയ്യുന്നുണ്ട്
നിക്ഷേപ മന്ത്രാലയം പുതുതായി ആരംഭിക്കുന്ന ദേശീയ നിക്ഷേപക രജിസ്ട്രിയൽ വിദേശ നിക്ഷേപകർ സൗദിയിൽ നിക്ഷേപങ്ങൾ നടത്തുന്നതിനു മുമ്പായി രജിസ്റ്റർ ചെയ്യണം. രാജ്യത്തെ മുഴുവൻ നിയമങ്ങളും നിയന്ത്രണങ്ങളും പാലിക്കണം. സൗദി അറേബ്യ മുന്നോട്ടുവെക്കുന്ന സമഗ്ര വികസന ലക്ഷ്യങ്ങൾ കൈവരിക്കാനും ദേശീയ സമ്പദ്‌വ്യവസ്ഥയുടെ വിഭവങ്ങൾ വൈവിധ്യവൽക്കരിക്കാനും ആഭ്യന്തര ഉൽപാദനം വർധിപ്പിക്കാനും നിക്ഷേപകരുടെ അവകാശങ്ങൾ സംരക്ഷിക്കാനും പരിഷ്‌കരിച്ച നിയമം സഹായിക്കും.
സൗദിയിൽ നിക്ഷേപത്തിന്റെ ഭാവിക്ക് ഈ നിയമം വഴിയൊരുക്കുന്നുവെന്നും വ്യക്തമായ അവകാശങ്ങളിലൂടെയും ന്യായമായ മത്സരം പ്രോത്സാഹിപ്പിക്കുന്നതിലൂടെയും ആഗോള നിക്ഷേപങ്ങൾ ആകർഷിക്കാനാകുമെന്നും നിക്ഷേപ മന്ത്രാലയം പറഞ്ഞു.
സൗദി അറേബ്യ സ്വീകരിച്ച നിരവധി വികസന നടപടികളുടെ തുടർച്ചയാണ് പരിഷ്‌കരിച്ച നിക്ഷേപ നിയമമെന്ന് നിക്ഷേപ മന്ത്രി എൻജിനീയർ ഖാലിദ് അൽഫാലിഹ് പറഞ്ഞു. സൗദി, വിദേശ നിക്ഷേപകർക്ക് ആകർഷകവും സുരക്ഷിതവുമായ അന്തരീക്ഷം പ്രദാനം ചെയ്യാനുള്ള രാജ്യത്തിന്റെ പ്രതിജ്ഞാബദ്ധത നിയമം സ്ഥിരീകരിക്കുന്നു. നിക്ഷേപ അന്തരീക്ഷത്തിന്റെ ആകർഷണീയതയും മത്സരക്ഷമതയും വർധിപ്പിക്കാനാണ് സൗദി അറേബ്യ ശ്രമിക്കുന്നത്. സൗദി-വിദേശ നിക്ഷേപകരെ ഒരുപോലെ അഭിസംബോധന ചെയ്യുന്ന ഒരു സംയോജിത നിക്ഷേപ നിയമം നിർമിക്കുന്നതിന് ഏകദേശം 25 വർഷം മുമ്പ് പുറപ്പെടുവിച്ച വിദേശ നിക്ഷേപ നിയമം പുനഃപരിശോധിക്കേണ്ടത് ആവശ്യമായി വന്നു.































