റിയാദ്: സൗദിയിലെ വാണിജ്യ വ്യാപാര സ്ഥാപനങ്ങളുടെ അകത്ത് ഇനി മുതൽ വിവിധ സർക്കാർ ഏജൻസികളിൽ നിന്നുള്ള ലൈസൻസുകളും സർട്ടിഫിക്കറ്റുകളും പ്രദർശിപ്പിക്കേണ്ട ആവശ്യമില്ല. പകരം ഈ വിവരങ്ങളൊക്കെ ഉൾക്കൊള്ളുന്ന ഒരു ക്യുആർ കോഡ് മാത്രം പ്രദർശിപ്പിച്ചാൽ മതിയാവും. നിലവിൽ സ്ഥാപനത്തിന്റെ വാണിജ്യ രജിസ്ട്രേഷൻ, മുനിസിപ്പാലിറ്റിയിൽ നിന്നുള്ള അനുമതികൾ, ടാക്സ്, സിവിൽ ഡിഫൻസ് ഉൾപ്പെടെയുള്ള വകുപ്പുകൾ നൽകുന്ന അനുമതികൾ തുടങ്ങിയവ ആളുകൾക്ക് കാണാവുന്ന വിധം വാണിജ്യ സ്ഥാപനങ്ങളിൽ പ്രദർശിപ്പിക്കണമെന്നാണ് നിയമം. എന്നാൽ ഇവയെല്ലാം ഒരു ക്യൂആർ കോഡിൽ ഉൾപ്പെടുത്തിക്കൊണ്ടുള്ള പുതിയ സംവിധാനത്തിന് രൂപം നൽകിയിരിക്കുകയാണ് സൗദി വാണിജ്യ മന്ത്രാലയം. വാണിജ്യ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട എല്ലാ രേഖകളും ഏകീകൃത ഇലക്ട്രോണിക് കോഡിലേക്ക് മാറ്റിക്കൊണ്ടുള്ള സംവധാനം വാണിജ്യ മന്ത്രാലയത്തിൻ്റെ ഔദ്യോഗിക വക്താവ് അബ്ദുൽറഹ്മാൻ അൽ ഹുസൈനാണ് പ്രഖ്യാപിച്ചത്. ഈ ക്യുആർ കോഡിൽ സ്ഥാപനവുമായി ബന്ധപ്പെട്ട എല്ലാ അനുമതി രേഖകളും വിവരങ്ങളും ഇലക്ട്രോണിക് രീതിയിൽ വിശ്വസനീയമായ രീതിയിൽ ഏകീകരിക്കുകയും സൗദി ബിസിനസ് സെൻ്ററിന്റെ ബിസിനസ് പ്ലാറ്റേ്ഫാം വഴി നൽകുകയും ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.
മന്ത്രാലയത്തിന്റെ ഈ ഏകീകൃത ക്യൂആർ കോഡ് സംവിധാനം ഉപയോഗിക്കുന്നതിന് വ്യാപാര സ്ഥാപനങ്ങൾ പ്രത്യേക ഫീസോ മറ്റോ നൽകേണ്ടതില്ലെന്നും സൗജന്യമായാണ് ഈ സംവിധാനം ഏർപ്പെടുത്തിയിരിക്കുന്നതെന്നും അദ്ദേഹം അറിയിച്ചു. വാണിജ്യ രജിസ്ട്രി ഡാറ്റ, മുനിസിപ്പൽ ലൈസൻസുകൾ, ടാക്‌സ് സർട്ടിഫിക്കറ്റുകൾ, സിവിൽ ഡിഫൻസ് പെർമിറ്റുകൾ, മറ്റ് ഡോക്യുമെൻ്റുകൾ, ലൈസൻസുകൾ തുടങ്ങിയ സർക്കാർ സ്ഥാപനങ്ങളിൽ നിന്നുള്ള ലൈസൻസുകളും രേഖകളും ഏകീകൃത ഇലക്ട്രോണിക് കോഡ് (ക്യുആർ കോഡ്) വഴി സംയോജിപ്പിച്ച് ഒരൊറ്റ രേഖയായി പ്രദർശിപ്പിക്കുന്നതിനാണ് സംവിധാനം ഒരുക്കിയിരിക്കുന്നത്. കുവൈറ്റിൽ ഗതാഗത നിയമ ഭേദഗതി ഈ വർഷം മുതൽ
വ്യാപാര സ്ഥാപനത്തെക്കുറിച്ചുള്ള ഏറ്റവും പുതിയ വിവരങ്ങൾ ഉപഭോക്താക്കൾക്കും പരിശോധനാ സംഘങ്ങൾക്കും അറിയാൻ ഈ ക്യുആർ കോഡ് മൊബൈലിൽ സ്കാൻ ചെയ്താൽ മതിയാവും. പഴക്കം ചെന്ന രേഖകളും സർട്ടിഫിക്കറ്റുകളും മറ്റും സ്ഥാപനത്തിൽ പ്രദർശിപ്പിക്കുന്നതിൻ്റെ വൃത്തികേട് ഒഴിവാക്കാനും ഇതുവഴി സാധിക്കും.
ഏകീകൃത ഇലക്ട്രോണിക് കോഡ് സേവനം ഡാറ്റയുടെ കൃത്യത ഉറപ്പാക്കുകയും സ്ഥാപനത്തിന്റെ രേഖകളിലേക്കും സർട്ടിഫിക്കറ്റുകളിലേക്കും ഉപഭോക്താക്കൾക്ക് ഇലക്ട്രോണിക് പ്രവേശനം അനുവദിച്ചുകൊണ്ട് ബിസിനസ്സ് മേഖലയുടെ സുതാര്യത വർദ്ധിപ്പിക്കുകയും ചെയ്യുമെന്നും മന്ത്രാലയം വക്താവ് അറിയിച്ചു.
































