റിയാദ്: നഗരത്തെ വരിഞ്ഞുമുറുക്കിയ ഗതാഗതക്കുരുക്കിന് പരിഹാരമായി സൗദി തലസ്ഥാനമായ റിയാദിൽ നിർമിക്കുന്ന മെഗാ മെട്രോ റെയിൽ പദ്ധതി ഈ വർഷം അവസാനത്തോടെ പ്രവർത്തനക്ഷമമാകുമെന്ന് പ്രതീക്ഷിക്കുന്നതായി അധികൃതരെ ഉദ്ധരിച്ച് സൗദി പ്രാദേശിക ചാനൽ റിപ്പോർട്ട് ചെയ്തു. ലോകത്തിലെ ഏറ്റവും വലിയ ഗതാഗത പദ്ധതികളിലൊന്നായ റിയാദ് മെട്രോയിൽ 176 കിലോമീറ്റർ ദൈർഘ്യമുള്ള ആറ് ലൈനുകളും വിശാലമായ നഗരത്തിലുടനീളം വ്യാപിച്ചു കിടക്കുന്ന 84 റെയിൽവേ സ്റ്റേഷനുകളും ഉൾപ്പെടുന്നുണ്ടെന്ന് സൗദി വാർത്താ പോർട്ടൽ അഖ്ബർ 24 റിപ്പോർട്ട് ചെയ്യു. പരിസ്ഥിതി സൗഹൃദ നയത്തിൻ്റെ ഭാഗമായി നഗരത്തിലെ ജനസാന്ദ്രതയുള്ള പ്രദേശങ്ങളിൽ ഇലക്ട്രോണിക് ട്രെയിനുകളാണ് റഇയോദ് മെട്രോയ്ക്കായി സർവീസ് നടത്തുക. കൂടാതെ അതിൻ്റെ സ്റ്റേഷനുകൾ പുനരുപയോഗിക്കാവുന്ന ഊർജ്ജം ഉപയോഗിച്ച് പ്രവർത്തിക്കുന്ന രീതിയിലാണ് രൂപകൽപ്പന ചെയ്തിട്ടുള്ളതെന്നും അധികൃതരെ ഉദ്ധരിച്ച് ചാനൽ റിപ്പോർട്ട് ചെയ്തു. റിയാദിലെ പൊതുഗതാഗതത്തിൻ്റെ നട്ടെല്ലായി മാറുമെന്ന് പ്രതീക്ഷിക്കുന്ന റിയാദ് മെട്രോ റെയിൽ ശൃംഖല നഗരത്തിലെ കിംഗ് ഖാലിദ് ഇൻ്റർനാഷണൽ എയർപോർട്ട്, കിങ് അബ്ദുല്ല ഫിനാൻഷ്യൽ ഡിസ്ട്രിക്റ്റ്, യൂണിവേഴ്‌സിറ്റികൾ, സെൻട്രൽ റിയാദ് എന്നിവയെ തമ്മിൽ ബന്ധിപ്പിക്കും.
22.5 ബില്യൺ ഡോളർ ചെലവിൽ നിർമിക്കുന്ന റിയാദ് മെട്രോ പദ്ധതിയുടെ ആദ്യ ഘട്ടത്തിൽ പ്രതിദിനം 12 ലക്ഷം യാത്രക്കാരെ ഉൾക്കൊള്ളുമെന്നാണ് കണക്കാക്കപ്പെടുന്നത്. പദ്ധതി പൂർണ രീതിയിൽ പ്രവർത്തനക്ഷമമാവുന്നതോടെ ദിവസേന 3.6 ദശലക്ഷം യാത്രക്കാർക്ക് പ്രയോജനം നടക്കും. റിയാദിലെ ഗതാഗതക്കുരുക്ക് മറികടക്കാൻ മെട്രോ സർവീസ് യാഥാർഥ്യമാകുന്നതോടെ സാധിക്കുമെന്ന് റിയാദ് മേയർ പ്രിൻസ് ഫൈസൽ ബിൻ അയ്യാഫ് പറഞ്ഞു.
നിലവിൽ റിയാദ് നഗരത്തിലേക്കുള്ള യാത്രകളിൽ 90 ശതമാനവും സ്വകാര്യ കാറുകളിലാണ്. ബാക്കി 10 ശതമാനം ടാക്സികളുമാണ്. നഗരത്തിലെ ഗതാഗതക്കുരിക്കരുക്കിനുള്ള അടിസ്ഥാന കാരണവും ഇതാണ്. എന്നാൽ ദൂരസ്ഥലങ്ങളെ പരസ്പരം ബന്ധിപ്പിക്കുന്ന മെട്രോ സംവിധാനം വരുന്നതോടെ വലിയ തോതിൽ സ്വകാര്യ വാഹനങ്ങൾ നഗരത്തിലെ റോഡുകളിൽ നിന്ന് അപ്രത്യക്ഷമാവുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഗതാഗതക്കുരുക്ക് ലഘൂകരിക്കുന്നതിനും കാർബൺ ബഹിർഗമനം കുറയ്ക്കുന്നതിനും ഗതാഗത അനുഭവം മെച്ചപ്പെടുത്തുന്നതിനുമുള്ള സൗദിയുടെ അഭിമാന പദ്ധതികളിലൊന്നായ റിയാദ് മെട്രോയ്ക്കായി വളരെ പ്രതീക്ഷയോടെയാണ് നഗരത്തിലെ താമസക്കാർ ഉറ്റുനോക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 2030ലെ വേൾഡ് എക്സ്പോയ്ക്ക് ആതിഥേയത്വം വഹിക്കാൻ തയ്യാറെടുക്കുന്ന സൗദിയിൽ, എക്സ്‌പോയുമായി ബന്ധപ്പെട്ട പ്രധാന പരിപാടികളെല്ലാം നടക്കുന്നത് റിയാദിലാണ്. അതിനു മുന്നോടിയായി ഗതാഗതം സുഗമമാക്കാനുള്ള തയ്യാറെടുപ്പിലാണ് അധികൃതർ.

































