കുവൈറ്റ്സിറ്റി: ലേബർ ക്യാമ്പിലുണ്ടായ തീപിടിത്തത്തിൽ മരിച്ച മലയാളികളുടെ മൃതദേഹവുമായി വ്യോമസേനയുടെ പ്രത്യേക വിമാനം കൊച്ചിയിലേക്ക് പുറപ്പെട്ടു. പ്രാദേശിക സമയം പുലർച്ചെ 1.15 ഓടെ പുറപ്പെട്ട വിമാനം രാവി ലെ 8.45 ഓടെ കൊച്ചിയിലെത്തും.
പ്രവാസി മലയാളിയുടെ ഉടമസ്ഥതയിലുള്ള എൻബിടിസി കമ്പനിയിലെ ജീവനക്കാർ താമസിക്കുന്ന കെട്ടിടത്തിൽ ബുധനാഴ്‌ചയുണ്ടായ തീപിടിത്തത്തിൽ 49 പേർ മരിച്ചിരുന്നു. ഇതിൽ 24 പേർ മലയാളികളാണ്.
23 മലയാളികളുടെയും ഏഴ് തമിഴ്‌നാട് സ്വദേശികളുടെയും ഒരു കർണാടക സ്വദേശിയുടെയും മൃതദേഹങ്ങളാണ് കൊച്ചിയിൽ കൊണ്ടുവരുന്നതെന്ന് നോർക്ക അധികൃതർ അറിയിച്ചു. കൊച്ചിയിലെത്തിക്കുന്ന മൃതദേഹങ്ങൾ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും ചേർന്ന് ഏറ്റുവാങ്ങും.
































