ജുബൈൽ: കോഴിക്കോട് സ്വദേശിയെ തട്ടിക്കൊണ്ടുപോയി വധിച്ച കേസിൽ തൃശൂർ സ്വദേശിക്കും നാലു സൗദി പൗരൻമാർക്കും സൗദിയിൽ വധശിക്ഷ നടപ്പാക്കി. കിഴക്കൻ പ്രവിശ്യയിലെ ജുബൈലിലാണ് വധശിക്ഷ നടപ്പാക്കിയത്.
മലയാളിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതികളായ അഞ്ചു പേർക്ക് വധശിക്ഷ നടപ്പാക്കിയതായി ആഭ്യന്തര മന്ത്രാലയമാണ് അറിയിച്ചത്. സംഘം രൂപീകരിച്ച് പിടിച്ചുപറികൾ നടത്തുകയും മലയാളി കോഴിക്കോട് കൊടുവള്ളി സ്വദേശി സമീർ വിലാട്ടുകുഴിയിലിനെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച് കൊലപ്പെടുത്തുകയും ചെയ്ത സൗദി പൗരന്മാരായ ജഅ്ഫർ ബിൻ സ്വാദിഖ് ബിൻ ഖമീസ് അൽഹജി, ഹുസൈൻ ബിൻ ബാഖിർ ബിൻ ഹുസൈൻ അൽഅവാദ്, ഇദ്‌രീസ്, ബിൻ ഹുസൈൻ ബിൻ അഹ്മദ് അൽസമാഈൽ, ഹുസൈൻ ബിൻ അബ്ദുല്ല ബിൻ ഹജി അൽമുസല്ലമി, ത്യശൂർ ഏറിയാട് സ്വദേശി നൈസാം നൈസാം ചിനികപ്പുറത്ത് സിദ്ദീഖി എന്നിവർക്ക് കിഴക്കൻ പ്രവിശ്യയിലാണ് ഇന്ന് ശിക്ഷ നടപ്പാക്കിയത്.
കേസിൽ അറസ്റ്റിലായ പ്രതികൾക്ക് പ്രത്യേക കോടതി വധശിക്ഷ വിധിക്കുകയും അപ്പീൽ കോടതിയും സുപ്രീം കോടതിയും ഇത് ശരിവെക്കുകയും ശിക്ഷ നടപ്പാക്കാൻ തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവ് അനുമതി നൽകുകയും ചെയ്തതിനെ തുടർന്നാണ് പ്രതികൾക്ക് ശിക്ഷ നടപ്പാക്കിയതെന്ന് ആഭ്യന്തര മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു.
































