കുവൈറ്റ് സിറ്റി: കുവൈറ്റിൽ പ്രവാസികളുടെ ഡ്രൈവിങ് ലൈസൻസ് കാലാവധി വീണ്ടും മൂന്ന് വർഷമാക്കാൻ തീരുമാനം. ഇതുമായി ബന്ധപ്പെട്ട് ട്രാഫിക് നിയമത്തിൽ ഭേദഗതി വരുത്താൻ ഉപപ്രധാനമന്ത്രിയും പ്രതിരോധ, ആഭ്യന്തര മന്ത്രിയുമായ ശെയ്ഖ് ഫഹദ് യൂസുഫ് അസ്സബാഹ് ഉത്തരവിട്ടു. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ആവശ്യമായ രേഖകൾ സഹിതം ആഭ്യന്തര വകുപ്പിൻ്റെ ഓൺലൈൻ ഏകജാലക സംവിധാനം വഴിയാണ് ഡ്രൈവിങ് ലൈസൻസിനുള്ള അപേക്ഷ സമർപ്പിക്കേണ്ടത്. പുതിയ ലൈസൻസുകൾ മൈ കുവൈത്ത് ഐഡൻ്റിറ്റി മൊബൈൽ ആപ്ലിക്കേഷൻ വഴിയായിരിക്കും നൽകുകയെന്നും അധികൃതർ അറിയിച്ചു.
നേരത്തെ പ്രവാസികളുടെ ഡ്രൈവിങ് ലൈസൻസ് കാലാവധി മൂന്ന് വർഷമായിരുന്നു. എന്നാൽ അനധികൃതർ ലൈസൻസുകളുടെ വ്യാപനവും തൊഴിൽ മാറ്റം പോലെയുള്ള കാരണങ്ങളാൽ ലൈസൻസിനുള്ള യോഗ്യത നഷ്ടമായവർ അവ സറണ്ടർ ചെയ്യാതെ അനധികൃതമായി ഉപയോഗിക്കുകയും ചെയ്യുന്നത് ഉൾപ്പെടെയുള്ള പ്രശ്നങ്ങൾക്ക് പരിഹാരമെന്ന നിലയിൽ കഴിഞ്ഞ വർഷം ലൈസൻസ് കാലാവധി ഒരു വർഷമായിചുരുക്കിയിരുന്നു.
കുവൈറ്റിൽ ഡ്രൈവിങ് ലൈസൻസ് പുതുക്കൽ പൂർണമായും ഓണ്ലൈനാക്കിക്കൊണ്ട് ഈയിടെ അധികൃതർ തീരുമാനം പ്രഖ്യാപിച്ചിരുന്നു. കുവൈറ്റ് മൊബൈൽ ഐഡി ആപ്പ് വഴി ആവശ്യമായ നടപടിക്രമങ്ങൾ പൂർത്തിയാക്കാനും പുതുക്കിയ ലൈസൻസ് ഡിജിറ്റലായി ആക്സസ് ചെയ്യാനും എളുപ്പത്തിൽ സാധിക്കുന്നതാണ് പുതിയ സംവിധാനം. ഇതുവഴി ഡ്രൈവിങ് ലൈസൻസിൻ്റെ ഡിജിറ്റൽ കോപ്പിയാണ് ലഭിക്കുക. ഡ്രൈവിങ് ലൈസൻസ് കാലാവധി തീരുന്നതിന് നാലുമാസം മുമ്പുവരെ പുതുക്കാവുന്നതാണെങ്കിലും പുതുക്കിയ തീയതി മുതൽ ഒരു വർഷത്തേക്ക് മാത്രമേ കാലാവധിയുണ്ടാവൂ എന്നായിരുന്നു നേരത്തേ അറിയിച്ചിരുന്നത്.
എന്നാൽ പുതിയ തീരുമാനം നിലവിൽ വന്ന സ്ഥിതിക്ക് മൊബൈൽ ആപ്പിലും മാറ്റം വരും. അതിനിടെ, കുവൈറ്റിലെ ഗാർഹിക ജോലിക്കാരായ ഡ്രൈവർമാർക്ക് ഇനി മുതൽ സഹ്ൽ ആപ്പ് വഴി ഡ്രൈവിങ് ലൈസൻസ് ആക്സസ് ചെയ്യാൻ അധികൃതർ സൗകര്യമൊരുക്കിയിരുന്നു. ഇതോടെ പുതിയ ഡ്രൈവിങ് ലൈസൻസ് അപേക്ഷകൾ * പുതുക്കുവാനും അപേക്ഷയുടെ നില ട്രാക്ക് ചെയ്യാനും സഹൽ ആപ്പ് വഴി കഴിയും.

































