കൊച്ചി: ഭക്ഷ്യസുരക്ഷാ നിയമപ്രകാരം അനുമതി ലഭിക്കാത്ത ലബോറട്ടറിയിലെ പരിശോധനാഫലത്തിൻ്റെ അടിസ്ഥാനത്തിലെടുത്ത കേസ് ഹൈക്കോടതി റദ്ദാക്കി.
നെടുങ്കണ്ടം സോറ ട്രേഡിംഗ് കമ്പനിക്കും മാനേജർ രാധാകൃഷ്‌ണൻ, ലൈസൻസി സനിത ഷഹനാസ് എന്നിവർക്കും എതിരേ 2014ൽ എടുത്ത കേസിലെ തുടർ നടപടി കളാണ് ജസ്റ്റീസ് പി.വി. കുഞ്ഞികൃഷ്ണൻ റദ്ദാക്കിയത്.
കേസെടുക്കാൻ ആധാരമായ തിരുവനന്തപുരം ഗവ. അനലിസ്റ്റ്സ് ലാബറട്ടറിക്ക് ടെസ്റ്റിംഗ് ലബോറട്ടറികളുടെ ദേശീയ അക്രെഡിറ്റേഷൻ ബോർഡ് നൽകുന്ന അംഗീകാരം ഈ കാലയളവിൽ ഉണ്ടായിരുന്നില്ലെന്നു വിലയിരുത്തിയാണ് ഉത്തരവ്.
2014 ഓഗസ്റ്റ് 16നാണ് സ്ഥാപനത്തിൽ വിൽപനയ്ക്ക് വച്ചിരുന്ന ചെറുപയർ ഫുഡ് ഇൻസ്പെക്ടർ പിടികൂടിയത്. ഗവ. അനലിസ്റ്റ്സ് ലബോറട്ടറിയിൽ നടത്തിയ അനാലിസിസ് റിപ്പോർട്ട് എതിരാവുകയും ചെയ്‌തു. തുടർന്ന് കേസ് നടപടികൾ റാന്നി ജുഡീഷൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ നടന്നു വരികയാണ്.
ഭക്ഷ്യ സുരക്ഷാ നിയമ പ്രകാരം നിരോധിക്കപ്പെട്ട വസ്‌തു പയറിൽ ചേർത്തെന്നാണ് കേസ്. മാത്രമല്ല, കീടങ്ങളുള്ളതായും കണ്ടെത്തി. എന്നാൽ, ഗവ. അനാലിസിസ് ലബോറട്ടറിക്ക് ഈ കാലയളവിൽ എൻഎബിഎൽ അക്രെഡിറ്റേഷനില്ലാത്തതിനാൽ ഇവിടുത്തെ പരിശോധനാഫലം നിയമപരമായി അംഗീകരിക്കാനാവില്ലെന്നായിരുന്നു ഹർജിക്കാരുടെ വാദം.































