കൊച്ചി: പെരുന്തൽമണ്ണ എംഎൽഎ നജീബ് കാന്തപുരത്തിന്റെ തെരഞ്ഞെടുപ്പ് വിജയം ശരിവച്ച് ഹൈക്കോടതി. എതിർസ്ഥാനാർഥി കെ.പി.മുസ്‌തഫയുടെ ഹർജി ഹൈക്കോടതി തള്ളി.
2021ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ പെരുന്തൽമണ്ണയിൽനിന്ന് കേവലം 38 വോട്ടുകൾക്കാണ് ലീഗ് സ്ഥാനാർഥി നജീബ് കാന്തപുരം വിജയിച്ചത്. ഇത് ചോദ്യം ചെയ്‌തുകൊണ്ട് ഇടത് സ്വതന്ത്രനായി മത്സരിച്ച മുസ്‌തഫ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
പ്രിസൈഡിംഗ് ഓഫീസറുടെ ഒപ്പില്ല എന്ന കാരണത്താൽ 340 പോസ്റ്റൽ വോട്ടുകൾ എണ്ണിയിരുന്നില്ല. അത് കൂടി എണ്ണിയിരുന്നെങ്കിൽ താൻ ജയിക്കുമായിരുന്നെന്നായിരുന്നു മുസ്‌തഫയുടെ വാദം. പോസ്റ്റൽ ബാലറ്റ് കൂടി എണ്ണി തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്നുമായിരുന്നു ആവശ്യം.































