കൊച്ചി: സംരക്ഷിത വനമേഖലയോടു ചേർന്ന് കിടക്കുന്ന ആദിവാസി ഭൂമി കൈയേറാൻ ശ്രമിക്കുന്നുവെന്ന് ആരോപിച്ച് പോലീസ് സംരക്ഷണം തേടി ആദിവാസി വിഭാഗക്കാർ നൽകിയ ഹർജി ഹൈക്കോടതി തീർപ്പാക്കി.
കോയമ്പത്തൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന സത്യനാഥ ട്രസ്റ്റ് അടക്കമുള്ളവർക്കെതിരേ അട്ടപ്പാടി മൂലഗംഗൻ ഊര് നിവാസികളും ഇരുളർ സമുദായാംഗങ്ങളുമായ എട്ടു സ്ത്രീകളാണ് ഹൈക്കോടതിയെ സമീപിച്ചത്.
ഭൂമി വിട്ടുനൽകിയില്ലെങ്കിൽ അനന്തരഫലങ്ങൾ ഏറ്റുവാങ്ങേണ്ടി വരുമെന്ന് ഇവർ ഭീഷണിപ്പെടുത്തുകയാണെന്നും മുഖ്യമന്ത്രിക്കും ഷോളയാർ പോലീസിനും പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ലെന്നും ഹർജിയിൽ പറയുന്നു.
എന്നാൽ ഹർജിക്കാർ പറയുന്ന സ്ഥലത്ത് തങ്ങൾക്കും ഉടമസ്ഥാവകാശം ഉണ്ടെന്നും തങ്ങളുടെ ഉടമസ്ഥതയിലുള്ള സ്ഥലത്തേക്ക് ഹർജിക്കാർ അതികമിച്ചു കടക്കുകയാണ് ചെയ്യുന്നതെന്നും ഒരുതരത്തിലുള്ള ഭീഷണിയും നടത്തിയിട്ടില്ലെന്നും ട്രസ്റ്റ് വ്യക്തമാക്കി.
അതേസമയം വിഷയം സിവിൽ തർക്കമായതിനാൽ പോലീസിന് ഇടപെടാ നാകില്ലെന്നു സർക്കാർ വ്യക്തമാക്കി. പ്രദേശത്ത് ക്രമസമാധാനം ഉറപ്പാക്കണമെന്ന് പോലീസിനു നിർദേശം നൽകിയ ജസ്റ്റീസ് ദേവൻ രാമചന്ദ്രൻ തർക്കം സിവിൽ കോടതിയിൽ ഉന്നയിക്കാമെന്നു വ്യക്തമാക്കിയാണ് ഹർജി തീർപ്പാക്കിയത്.

































