അഗർത്തല: ത്രിപുര പോലീസ് ഡയറക്ടർ ജനറൽ (ഡി.ജി.പി) അനുരാഗ് ധൻകറിനെ അഗർത്തലയിലെ പോലീസ് ആസ്ഥാനത്തെ ഔദ്യോഗിക മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. തിങ്കളാഴ്ചയായിരുന്നു സംഭവം. മുറിയിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയ അദ്ദേഹത്തെ ഉടൻ തന്നെ ഗോവിന്ദ് വല്ലഭ് പന്ത് (ജി.ബി.പി) ആശുപത്രിയിൽ എത്തിച്ചെങ്കിലും ഉച്ചയ്ക്ക് 12:48-ഓടെ മരണം സ്ഥിരീകരിച്ചു.
മുതിർന്ന ഐ.പി.എസ് ഉദ്യോഗസ്ഥനായ അദ്ദേഹം ആത്മഹത്യ ചെയ്തതാകാമെന്നാണ് പ്രാഥമിക നിഗമനം. എന്നാൽ, മരണത്തിലേക്ക് നയിച്ച കൃത്യമായ സാഹചര്യങ്ങൾ ഔദ്യോഗികമായി സ്ഥിരീകരിക്കേണ്ടതുണ്ടെന്ന് മുഖ്യമന്ത്രിയുടെ സെക്രട്ടറി കിരൺ ഗിത്തെ അറിയിച്ചു.
ഉച്ചയ്ക്ക് 12 മണിയോടെ അനുരാഗ് ധൻകറിനെ ആശുപത്രിയിൽ എത്തിക്കുമ്പോൾ നാഡിമിടിപ്പോ, രക്തസമ്മർദ്ദമോ, ശരീരതാപനിലയോ ഉൾപ്പെടെയുള്ള മറ്റ് ജീവലക്ഷണങ്ങളോ ഉണ്ടായിരുന്നില്ലെന്ന് മുതിർന്ന ഡോക്ടർ പ്രദീപ് ഭൗമിക് വ്യക്തമാക്കി. സംഭവത്തിൽ പോലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.































