പന്തളം :
ഈ കഴിഞ്ഞ ബലിപെരുന്നാളിനും അവൾ വന്നില്ല മകൾ മരണപ്പെട്ട് അഞ്ച് മാസങ്ങൾ കഴിയുമ്പോഴും കണ്ണുനീർ തോരാതെ ഒരു കുടുംബം, കഴിഞ്ഞ ഫെബ്രുവരി പതിനാലാം തീയതിയാണ് പന്തളം കടയ്ക്കാട് സൽമാൻ മൻസിൽ ഉമ്മർകുട്ടി സുനിതാ ദമ്പതികളുടെ ഏക മകൾ ഉമൈറ ഉമ്മർകുട്ടി (22) കായംകുളത്തുള്ള ഭർത്താവിന്റെ വീട്ടിൽ ശാരീരിക മാനസിക പീഡനം സഹിക്കാനാകാതെ തൂങ്ങിമരിച്ചത്. വളരെ പ്രതീക്ഷയോടുകൂടിയാണ് ഉമ്മർകുട്ടി സുനിത ദമ്പതികൾ മകളെ വിവാഹം ചെയ്തു അയച്ചത്. കോവിഡ് കാലഘട്ടമായ കാരണത്താൽ നിയന്ത്രണങ്ങളുടെ പേരിൽ ചുരുങ്ങിയ ആൾക്കാർ മാത്രമാണ് വിവാഹ ചടങ്ങിൽ പങ്കെടുത്തത്. കായംകുളം കൃഷ്ണപുരം പുള്ളിക്കണക്ക് റഷീദ മൻസിൽ അഷറഫിന്റെ മകൻ ഷംനാദ് ആണ് ഉമൈറായെ വിവാഹം ചെയ്തത്. മാതാപിതാക്കൾ വിവാഹസമയത്ത് 17 പവന്റെ സ്വർണാഭരണങ്ങളും പൈതൃക സ്വത്തായി ഒരു ലക്ഷം രൂപയും നൽകിയാണ് മകളെ ഷംനാദിനെ കൊണ്ട് വിവാഹം ചെയ്യിപ്പിച്ചതെന്ന്ഉമൈറയുടെ ഉമ്മ സുനിത പറയുന്നു. വിവാഹം കഴിഞ്ഞ് അടുത്തനാൾ മുതൽ ഭർത്താവ് ഷംനാദ് മദ്യപിച്ച് വന്ന് ഉമൈറായെ നിരന്തരമായി ശാരീരിക ഉപദ്രവങ്ങൾ ഏൽപ്പിച്ചിരുന്നു.മകന്റെ എല്ലാ ക്രൂരതകൾക്കും മാതാപിതാക്കൾ കൂട്ടായിരുന്നു. മകൾ അനുഭവിക്കുന്ന ദുരിതങ്ങളെ കുറിച്ച് ഒന്നും തന്നെ സുനിത ഭർത്താവായ ഉമ്മർകുട്ടിയോട് പറയാറില്ല കാരണം കഴിഞ്ഞ നാല് വർഷക്കാലമായി ഉമ്മർകുട്ടി സ്ട്രോക്ക് വന്ന് ശരീരം തളർന്ന് ഒരേ കിടപ്പിലാണ്. മറ്റൊരാളുടെ പരസഹായം ഇല്ലാതെ ഉമ്മർകുട്ടിക്ക് പ്രാഥമിക കാര്യങ്ങൾ പോലും നടത്തുവാൻ കഴിയില്ല. പിതാവിന്റെ രോഗാവസ്ഥ കാരണം ഭർത്താവ് ഷംനാദിന്റെ പീഡനങ്ങൾ ഒന്നും തന്നെ വീട്ടുകാരോട് തുറന്നു പറയില്ലായിരുന്നു ഉമൈറ, മനോരോഗിയാണെന്ന് വരുത്തി തീർക്കുവാൻ വേണ്ടി ഭർത്താവും മാതാപിതാക്കളും ചേർന്ന് കൊല്ലകടവിലുള്ള ഒരു സ്വകാര്യ ആശുപത്രിയിൽ കൊണ്ടുപോവുകയും എന്നാൽ ഡോക്ടർമാർ ഒരുവിധം മാനസിക പ്രശ്നങ്ങളും ഉമൈറയ്ക്ക് ഇല്ലെന്ന് പറഞ്ഞതായി ഉമ്മ സുനിത പറയുന്നു. ഉമൈറ ഗർഭിണിയായി ഇരിക്കെ ആറാം മാസത്തിൽ ഷംനാദ് മദ്യപിച്ചുവന്ന് ഉമൈറയുടെ അടിനാവിക്ക് തൊഴിക്കുകയും ബോധരഹിതയായ ഉമൈറായേ ഭർത്താവ് ഷംനാദും മാതാപിതാക്കളും ചേർന്ന് കായംകുളത്ത് ഒരു സ്വകാര്യ ആശുപത്രിയിൽ കൊണ്ടുപോവുകയും ഈ വിവരങ്ങൾ ഒന്നും തന്നെ ഉമൈറയുടെ മാതാപിതാക്കളെ അവർ അറിയിച്ചിരുന്നില്ല. മാതാപിതാക്കൾക്ക് ദുഃഖം ഉണ്ടാകുമെന്ന് കരുതി ഉമൈറ ഇതെല്ലാം മറച്ചുവെച്ചു.പിന്നീട് പന്തളത്തുള്ള വീട്ടിൽ എത്തിയപ്പോൾ മാത്രമാണ് ഈ വിവരം വീട്ടുകാരോട് ഉമൈറ പറഞ്ഞത്.2022 ഏപ്രിൽ പതിനാലാം തീയതി ഉമൈറ ഒരു ആൺകുഞ്ഞിന് ജന്മം നൽകി.
2022 മെയ് ഇരുപത്തിരണ്ടാം തീയതി 40 കുളി ചടങ്ങിൽ പങ്കെടുക്കുവാൻ എത്തിയ ഷംനാദ് പരസ്യമായി ഉമൈറയെ മുത്തലാഖ് ചൊല്ലിക്കൊണ്ട് വളരെ ഉച്ചത്തിൽ വിളിച്ചു പറയുകയും ചെയ്തിരുന്നു. പിന്നീട് ഷംനാദും പിതാവ് അഷ്റഫും ചേർന്ന് പന്തളത്തുള്ള വീട്ടിലെത്തി ഉമൈറായെ കായംകുളത്തുള്ള അവരുടെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോവുകയും ചെയ്തിരുന്നു. ഉമൈറയുടെ മാതാപിതാക്കളെ ഭർത്താവ് ഷംനാദും ഇയാളുടെ മാതാപിതാക്കളും ചേർന്ന് നേരിൽ കാണുവാൻ സമ്മതിക്കില്ലായിരുന്നു എന്ന് മാതാവ് സുനിത പറഞ്ഞു. 2023 ഫെബ്രുവരി മാസം പതിമൂന്നാം തീയതി വൈകുന്നേരം 7 മണിക്ക് ഭർത്താവിൻെറ വീട്ടിലെ കിടപ്പ്മുറിയിലെ ഫാനിൽ കഴുത്തിൽ ഷാളുപയോഗിച്ച് തുങ്ങുകയും ഷംനാദും സമീപവാസികളും ചേർന്ന് ഉമൈറയെ കായംകുളം ഗവൺമെൻറ് ആശുപത്രിയിൽ കൊണ്ടുപോവുകയും അവിടുത്തെ ഡോക്ടർമാർ ഉടൻതന്നെ ഉമൈറായെ വണ്ടാനം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകുവാൻ നിർദ്ദേശിക്കുകയും ചെയ്തിരുന്നു. എന്നാൽ അതിനു കൂട്ടാക്കാതെ ഭർത്താവ് വീട്ടുകാരും ചേർന്ന് ഉമൈറയെ മാവേലിക്കര തട്ടാരമ്പലത്തിലുള്ള ഒരു സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോവുകയും ചെയ്തു,
ഈ ആശുപത്രിയിലെ ക്രിട്ടിക്കൽ കെയർ യൂണിറ്റിൽ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. എന്നാൽ ഉമൈറയുടെ മാതാപിതാക്കൾ ഈ വിവരം അറിയുന്നത് പതിമൂന്നാം തീയതി രാത്രി 10 മണിയോടെ കൂടിയാണ്. പിറ്റേദിവസം പതിനാലാം തീയതി രാവിലെ 9 മണിക്ക് മാതാവ് സുനിത മകളെ ആശുപത്രിയിലെ ക്രിട്ടിക്കൽ കെയർയൂണിറ്റിൽ വെച്ച് നേരിൽ കാണുകയും അന്ന് വൈകുന്നേരം നാലര മണിയോടുകൂടി ഉമൈറ മരിക്കുകയും ചെയ്തു. ഉമൈറയുടെ സംസ്കാര ചടങ്ങിൽ ഭർത്താവോ വീട്ടുകാരോ പങ്കെടുത്തില്ല. എന്നാൽ ഉമൈറയുടെ ഭർത്താവിന്റെ വീട്ടുകാരുടെ സ്വാധീനത്തെ തുടർന്ന് കായംകുളം പോലീസ് സ്വാഭാവിക തൂങ്ങിമരണത്തിന് മാത്രമാണ് കേസ് എടുത്തത്.മകളുടെ മരണം സ്ത്രീധന പീഡനം മൂലം ആണെന്നും . നിയമവിരുദ്ധമായി മകളെ മുത്തലാഖ് ചൊല്ലി എന്നും അതുകൊണ്ട് കൂടുതൽ വകുപ്പുകൾ ഉൾപ്പെടുത്തി ഉമൈറായുടെ മരണം ജില്ലാ ക്രൈബ്രാഞ്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് മാതാവ് സുനിത ആലപ്പുഴ ജില്ലാ പോലീസ് ചീഫിന് പരാതി നൽകിയിരുന്നു.ഇതിൽ നീതി ലഭിക്കാത്ത കാരണത്താൽ അഡ്വക്കേറ്റ് : കെ. രാജേഷ് കണ്ണൻ മുഖേന ഹൈക്കോടതിയിൽ ഹർജി നൽകുകയും കോടതിയുടെ ഇടപെടലിനെ തുടർന്ന് ഉമൈറായുടെ മരണത്തെ സംബന്ധിച്ചുള്ള അന്വേഷണം കായംകുളം ഡി.വൈ.എസ് പി ഏറ്റെടുക്കുകയും ഷംനാദിന്റെമേൽ കൂടുതൽ വകുപ്പുകൾ ചുമത്തുകയും ചെയ്തു. ദാരിദ്ര്യത്തിന്റെ നടുവിലും മകളുടെ മരണത്തിന് ഉത്തരവാദിയായവരെ നിയമത്തിനു മുമ്പിൽ കൊണ്ടുവന്ന് മാതൃകാപരമായ ശിക്ഷ വാങ്ങി കൊടുക്കുവാനുള്ള പോരാട്ടത്തിലാണ് ഈ കുടുംബം .

































