മുംബൈ: രാജ്യത്തെ കറൻസി വിപണിയിൽ വിപ്ലവകരമായ മാറ്റത്തിനൊരുങ്ങി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ). അടുത്ത വർഷം മുതൽ ഇന്ത്യയിൽ 10, 20 രൂപ മൂല്യമുള്ള പോളിമർ (പ്ലാസ്റ്റിക്) കറൻസി നോട്ടുകൾ പരീക്ഷണാടിസ്ഥാനത്തിൽ പ്രചാരത്തിൽ വരുമെന്നാണ് റിപ്പോർട്ടുകൾ. ഈ പരീക്ഷണങ്ങളുടെ വിജയത്തെ അടിസ്ഥാനമാക്കിയാകും പ്ലാസ്റ്റിക് കറൻസി പദ്ധതി രാജ്യത്ത് വിപുലമായി നടപ്പിലാക്കുക. പരീക്ഷണം വിജയകരമായാൽ 2027-ഓടെ പദ്ധതി പൂർണ്ണതോതിൽ ഇന്ത്യയിൽ അവതരിപ്പിക്കാനാണ് ആർബിഐ ലക്ഷ്യമിടുന്നത്.
ആഗോള നിർമാതാക്കളിൽ നിന്ന് താല്പര്യപത്രം ക്ഷണിച്ചു
പദ്ധതിയുടെ ഭാഗമായി ആർബിഐയുടെ കറൻസി അച്ചടി വിഭാഗമായ ഭാരതീയ റിസർവ് ബാങ്ക് നോട്ട് മുദ്രൻ പ്രൈവറ്റ് ലിമിറ്റഡ് (BRBNMPL) ആഗോളതലത്തിലുള്ള നിർമാതാക്കളിൽ നിന്ന് താല്പര്യപത്രം ക്ഷണിച്ചു കഴിഞ്ഞു. സുരക്ഷാ സവിശേഷതകളോട് കൂടിയ ‘ഒപാസിഫൈഡ് പോളിമർ സബ്സ്ട്രേറ്റ്’ (Opacified Polymer Substrate Sheets) വിതരണം ചെയ്യുന്നതിനാണ് ടെൻഡർ. ബിഡുകൾ സമർപ്പിക്കാനുള്ള അവസാന തീയതി ഓഗസ്റ്റ് 18 ആണ്.
ബയാക്സിയലി ഓറിയന്റഡ് പോളിപ്രൊപ്പിലീൻ (BOPP) അടിസ്ഥാനമാക്കിയുള്ള പോളിമർ സബ്സ്ട്രേറ്റിന്റെ 68,000 റീമുകൾക്കാണ് താല്പര്യപത്രം ക്ഷണിച്ചിരിക്കുന്നത്. ഇതിൽ 10, 20 രൂപ നോട്ടുകൾക്കായി 34,000 റീമുകൾ വീതം മാറ്റിവെക്കും. ഓരോ റീമിലും 500 ഷീറ്റുകൾ വീതമാണുണ്ടാകുക. BRBNMPL, SPMCIL എന്നിവയുടെ പ്രസ്സുകളിൽ അച്ചടിക്കാൻ അനുയോജ്യമായവയായിരിക്കണം ഈ ഷീറ്റുകൾ.
ഉയർന്ന സുരക്ഷാ സവിശേഷതകൾ
വ്യാജ നോട്ടുകൾ തടയുന്നതിനായി വിപുലമായ സുരക്ഷാ സംവിധാനങ്ങളോടെയാണ് പുതിയ പ്ലാസ്റ്റിക് നോട്ടുകൾ പുറത്തിറക്കുക. പോർട്രെയ്റ്റ് ഉള്ള വ്യക്തമായ വിൻഡോ, മെറ്റാലിക് ന്യൂമറൽ, മാഗ്നറ്റിക് സ്യൂഡോ ത്രെഡ്, ഷാഡോ ഇമേജ്, ഇറിഡസെന്റ് പാറ്റേൺ തുടങ്ങിയ അത്യാധുനിക സവിശേഷതകൾ ഈ പോളിമർ സബ്സ്ട്രേറ്റിൽ ഉൾപ്പെടുത്തണമെന്ന് ആർബിഐ നിർദ്ദേശിച്ചിട്ടുണ്ട്.
എന്താണ് പോളിമർ (പ്ലാസ്റ്റിക്) നോട്ടുകൾ?
1988-ൽ ഓസ്ട്രേലിയയാണ് ലോകത്തിൽ ആദ്യമായി പോളിമർ കറൻസി നോട്ടുകൾ അവതരിപ്പിച്ചത്. നിലവിൽ ലോകത്തിലെ 50-ലധികം രാജ്യങ്ങളിൽ ഇത്തരം പ്ലാസ്റ്റിക് നോട്ടുകൾ ഉപയോഗിച്ചുവരുന്നുണ്ട്. പരമ്പരാഗത പേപ്പർ നോട്ടുകളെ അപേക്ഷിച്ച് ഇവയ്ക്ക് ആയുസ്സ് കൂടുതലാണ്. നോട്ടുകൾ എളുപ്പത്തിൽ കീറിപ്പോകുകയോ അഴുക്കാവുകയോ ഇല്ല. കള്ളനോട്ടുകളുടെ പ്രചാരം പൂർണ്ണമായും ഒഴിവാക്കാൻ സാധിക്കുമെന്നതാണ് ഇതിന്റെ പ്രധാന പ്ലസ് പോയിന്റ്. ദീർഘകാലാടിസ്ഥാനത്തിൽ നോട്ട് അച്ചടി ചിലവ് കുറയ്ക്കാനും പരിസ്ഥിതി ആഘാതം ലഘൂകരിക്കാനും പ്ലാസ്റ്റിക് നോട്ടുകളിലൂടെ സാധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
































