ലോക്സഭാ തിരഞ്ഞെടുപ്പിനു മുൻപു പൗരത്വ ഭേദഗതി നിയമം (സിഎഎ) നടപ്പാക്കുമെന്നു കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. സിഎഎയുടെ പേരിൽ നമ്മുടെ മുസ്ലിം സഹോദരങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ് പലരും. പാക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽനിന്നു പീഡനത്തിനുശേഷം ഇന്ത്യയിലെത്തിയവർക്കു പൗരത്വം നൽകാൻ മാത്രമാണു സിഎഎ ഉദ്ദേശിക്കുന്നത്. ഇതു ആരുടെയും ഇന്ത്യൻ പൗരത്വം തട്ടിയെടുക്കാനുള്ളതല്ല. രാജ്യത്തിന്റെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവും മറ്റുള്ളവരും ഒപ്പിട്ട ഭരണഘടനാപരമായ കാര്യമാണിത്. എന്നാൽ പ്രീണനം മൂലം കോൺഗ്രസ് അത് അവഗണിച്ചു. ഉത്തരാഖണ്ഡിൽ ഏകീകൃത സിവിൽ കോഡ് (യുസിസി) നടപ്പാക്കിയത് ഒരു സാമൂഹിക മാറ്റമാണ്. ഒരു മതേതര രാജ്യത്തിനു മതാധിഷ്‌ഠിത സിവിൽ കോഡുകൾ ഉണ്ടാകാൻ പാടില്ലെന്നും അമിത് ഷാ പറഞ്ഞു, ന്യൂഡൽഹിയിൽ നടന്ന ഒരു സ്വകാര്യ പരിപാടിയിലാണ് അമിത് ഷായുടെ പ്രതികരണം.
ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് 370 സീറ്റുകളും എൻഡിഎയ്ക്ക് 400 സീറ്റുകളും ലഭിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ തുടർച്ചയായി മൂന്നാം തവണയും സർക്കാർ രൂപീകരിക്കും. ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ഫലത്തെ കുറിച്ചു യാതൊരു സംശയവുമില്ല. കോൺഗ്രസും മറ്റു പ്രതിപക്ഷ പാർട്ടികളും വീണ്ടും പ്രതിപക്ഷ ബെഞ്ചിൽ ഇരിക്കേണ്ടി വരുമെന്നു തിരിച്ചറിഞ്ഞിട്ടുണ്ട്” -അമിത് ഷാ പറഞ്ഞു.































