സുല്‍ത്താന്‍ ബത്തേരി: വയനാട്ടിലെ കാട്ടാന ആക്രമണത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് വനം വകുപ്പ് മന്ത്രി എകെ ശശീന്ദ്രന്. സ്ഥിതിഗതികള്‍ വിലയിരുത്താന്‍ അടിയന്തരയോഗം ചേരുമെന്ന് മന്ത്രി കോഴിക്കോട് മാധ്യമങ്ങളോട് പറഞ്ഞു.
കര്‍ണാടക വനം വകുപ്പ് അധികൃതരുമായി ബന്ധപ്പെട്ടതായും പ്രദേശത്ത് ജനക്കൂട്ടം തടിച്ചുകൂടുന്നത് ഒഴിവാക്കണമെന്നും ഉദ്യോഗസ്ഥരുമായി സഹകരിക്കണമെന്നും മന്ത്രി പറഞ്ഞു.
അതേസമയം മാനന്തവാടി നഗരസഭയിലെ നാല് വാര്‍ഡുകളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. കുറക്കന്മൂല, പയ്യമ്ബളി, കുറുവ, കാടൻകൊല്ലി മേഖലകളിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്.
റേഡിയോ കോളര്‍ ഘടിപ്പിച്ച കാട്ടാനയുടെ ആക്രമണത്തില്‍ പനച്ചിയില്‍ അജി (42) ആണു കൊല്ലപ്പെട്ടത്. രാവിലെ 7.30 ഓടെ മാനന്തവാടി ചാലിഗദ്ധയിലാണു കാട്ടാന കയറിയത്.
കര്‍ണാടക റേഡിയോ കോളര്‍ ഘടിപ്പിച്ചു കാടുകയറ്റിയ ആനയാണു ജനവാസമേഖലയിലേക്കെത്തിയത്. അജിയുടെ മൃതദേഹം നിലവില്‍ മാനന്തവാടി മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ്. വനംവകുപ്പിനുണ്ടായ വീഴ്ചകള്‍ ഉയര്‍ത്തി നാട്ടുകാരുടെ പ്രതിഷേധവും നടക്കുന്നുണ്ട്.































