ബംഗുളൂരു: പീഡനക്കേസിൽ ആരോപണം ഉയർന്നതിന് പിന്നാലെ രാജ്യം വിട്ട ജെഡിഎസ് എംപി പ്രജ്വൽ രേവണ്ണ മടങ്ങിയെത്തി. ജർമനിയിൽ നിന്നും ബംഗുളൂരുവിലെ കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ പ്രജ്വലിനെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തു.
34 ദിവസം ഒളിവിൽ കഴിഞ്ഞ പ്രജ്വലിനെ പ്രത്യേക അന്വേഷണസംഘം വിമാനത്താവളത്തിൽ നിന്ന് തന്നെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. പ്രജ്വലിൻ്റെ മെഡിക്കൽ പരിശോധന ഉടൻ നടത്തും. പ്രജ്വലിന്റെ അറസ്റ്റിന് മുന്നോടിയായി പോലീസ് ഉദ്യോഗസ്ഥരുമായി മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറും കൂടിക്കാഴ്‌ച നടത്തിയിരുന്നു.
പ്രജ്വൽ രേവണ്ണ മ്യൂണിക്കിൽ നിന്ന് പുറപ്പെട്ട ലുഫ്‌താൻസ വിമാനം ഡിഎൽ എച്ച് 764 അർധരാത്രി ഏകദേശം 12.50 ഓടെയാണ് ലാൻഡ് ചെയ്തത്. 20 മിനിറ്റ് വൈകിയാണ് വിമാനം ലാൻഡ് ചെയ്‌തത്.മ്യൂണികിൽ നിന്ന് വൈകിട്ട് 4.30 ന് പുറപ്പെട്ട വിമാനം എട്ട് മണിക്കൂർ 43 മിനിറ്റ് യാത്രാസമയം എടുത്താണ് ബംഗുളൂരുവിലെത്തിയത്.

































