ലോക്‌സഭാ തെരഞ്ഞെടുപ്പിൻ്റെ അവസാനഘട്ടം നാളെ ഏഴു സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണപ്രദേശമായ ചണ്ഡിഗഡിലെയും 57 സീ റ്റുകളിലാണു നാളെ വിധിയെഴുത്ത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഹാട്രിക് വിജയം തേടുന്ന വാരാണസിയിലും നാളെയാണു വോട്ടെടുപ്പ് നാളെ തെരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങളിലെ സ്ഥാനാർഥികൾ ഇന്ന് നിശബ്ദ പ്രചാരണത്തിലാണ്.
പഞ്ചാബ് (13), യൂപി (13), ബംഗാൾ (ഒമ്പത്), ബിഹാർ (എട്ട്), ഒഡീഷ (ആറ്), ഹിമാചൽപ്രദേശ് (നാല്), ജാർഖണ്ഡ് (മൂന്ന്), ചണ്ഡിഗഡ് (ഒന്ന്) എന്നിങ്ങനെയാണ് ഏഴാം ഘട്ടത്തിൽ വോട്ടെടുപ്പ് നടക്കുന്ന മണ്ഡലങ്ങളുടെ എണ്ണം. യൂപിയിലും ബിഹാറിലും ബിജെപി സഖ്യത്തിന്റെ ശക്തികേന്ദ്രങ്ങളിലും ബംഗാളിൽ തൃണമൂൽ കോട്ടകളിലുമാണ് വോട്ടെടുപ്പ്

യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിൻ്റെ തട്ടകമായ ഗൊരഖ്പുരിലും നാളെയാണ് വിധിയെഴുത്ത്. യൂപിയിൽ പത്തു സീറ്റുകളിൽ മത്സരിക്കുന്ന ബി ജെ പി രണ്ട് സീറ്റ് അപ്‌നാ ദളിനും ഒരെണ്ണം എസ്ബിഎസ്‌പിക്കും നൽകി.
പഞ്ചാബിലെയും ഹിമാചൽപ്രദേശിലെയും മുഴുവൻ മണ്ഡലങ്ങളിലും നാളെയാണ് വോട്ടെടുപ്പ്. എഎപി, കോൺഗ്രസ്, ബിജെപി, അകാലി ദൾ പാർട്ടികൾ തമ്മിലുള്ള ചതുഷ്‌കോണ മത്സരമാണു പഞ്ചാബിൽ കണ്ടത്.
എഎപി ഭൂരിഭാഗം സീറ്റുകളും വിജയിക്കുമെന്നും രണ്ടാം സ്ഥാനത്ത് കോൺഗ്രസ് എത്തുമെന്നുമാണു വിലയിരുത്തൽ. ഭട്ടിൻഡ പോലെയുള്ള സീറ്റുകൾ അകാലിദൾ പ്രതീക്ഷിക്കുന്നു ഹിമാചലിൽ ബിജെപി-കോൺഗ്രസ് നേർക്കു നേർ പോരാട്ടമാണ്. 2019ൽ നാലു സീറ്റും ബിജെപിക്കായിരുന്നു.

































