ന്യൂദല്‍ഹി: പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനം പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ നടന്നേക്കുമെന്ന് റിപ്പോര്‍ട്ട്. കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് ടൈംസ് നൗ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. സെപ്തംബര്‍ 18-21 തീയതികളില്‍ പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനം സര്‍ക്കാര്‍ വിളിച്ചിട്ടുണ്ട്. 18-ാ ംതിയതി പഴയ പാര്‍ലമെന്റ് കെട്ടിടത്തില്‍ ആരംഭിക്കുന്ന സമ്മേളനം 19-ാം തിയതി വിനായക ചതുര്‍ത്ഥി ദിനം തൊട്ട് പുതിയ പാര്‍ലമെന്റ് മന്ദിരത്തിലായിരിക്കും ചേരുക.ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്, രാജ്യത്തിന്റെ പേര് മാറ്റല്‍ തുടങ്ങി ഒരുപിടി വിവാദ വിഷയങ്ങള്‍ ഈ പാര്‍ലമെന്റ് സമ്മേളനത്തില്‍ തീരുമാനമുണ്ടായേക്കും എന്നാണ് റിപ്പോര്‍ട്ട്. അതിനാല്‍ തന്നെ ദേശീയ രാഷ്ട്രീയം വലിയ ആകാംക്ഷയോടൊണ് പ്രത്യേക പാര്‍ലമെന്റ് സമ്മേളനത്തെ നോക്കി കാണുന്നത്. ഈ വര്‍ഷം മേയ് 28 നാണ് പുതിയ പാര്‍ലമെന്റ് മന്ദിരം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തത്.65000 ലധികം ചതുരശ്ര മീറ്ററില്‍ പരന്ന് കിടക്കുന്ന ഈ കെട്ടിടത്തിന്റെ നിര്‍മാണം 2020 ല്‍ ആണ് ആരംഭിക്കുന്നത്. പഴയ പാര്‍ലമെന്റ് മന്ദിരം വൃത്താകൃതിയിലായിരുന്നെങ്കില്‍ പുതിയ മന്ദിരം ത്രികോണ ആകൃതിയിലാണ്. നിലവിലെ പാര്‍ലമെന്റ് മന്ദിരം 1927 ല്‍ ആണ് നിര്‍മിച്ചത്. കെട്ടിടത്തിന്റെ കാലപ്പഴക്കം ഒരു നൂറ്റാണ്ടിനോട് അടുക്കുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് പുതിയത് നിര്‍മിച്ചത്.2019 ല്‍ ആണ് ലോക്സഭയും രാജ്യസഭയും പുതിയ പാര്‍ലമെന്റ് മന്ദിരം വേണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെട്ടത്. നിലവിലുള്ള പാര്‍ലമെന്റിലെ ലോക്സഭയില്‍ 590 സീറ്റും രാജ്യസഭയില്‍ 280 സീറ്റുമാണുള്ളത് എങ്കില്‍ പുതിയ പാര്‍ലമെന്റിലെ ലോക്സഭയില്‍ മാത്രം 888 സീറ്റുകളാണ് ഉള്ളത്. രാജ്യസഭയില്‍ 384 സീറ്റുകളാണ് ഉള്ളത്. സംയുക്ത പാര്‍ലമെന്റ് സമ്മേളനം വിളിക്കുമ്പോള്‍ 1272 എംപിമാര്‍ക്ക് ഒരുമിച്ച് ഇരിക്കാനുള്ള സൗകര്യമാണ് ലോക്സഭയില്‍ ഉണ്ട്.കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കുന്ന സെന്‍ട്രല്‍ വിസ്ത പദ്ധതിയുടെ ഭാഗമായിട്ടാണ് പുതിയ പാര്‍ലമെന്റ് മന്ദിരം നിര്‍മിച്ചത്. പാര്‍ലമെന്റ് കമ്മിറ്റികള്‍ യോഗം ചേരുന്നതിനുള്ള വിശാലമായ മുറികളാണ് പുതിയ മന്ദിരത്തിലുള്ളത്. അതേസമയം പ്രത്യേക പാര്‍ലമെന്റ് സമ്മേളനത്തില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ പങ്കെടുക്കുമോ എന്ന കാര്യത്തില്‍ അവ്യക്തത നിലനില്‍ക്കുകയാണ്. എന്നാല്‍ കോണ്‍ഗ്രസ് സമ്മേളനത്തില്‍ പങ്കെടുക്കും എന്നാണ് അറിയിച്ചിട്ടുള്ളത്.പ്രതിപക്ഷവുമായി മുന്‍കൂര്‍ ചര്‍ച്ചയില്ലാതെയാണ് പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനം വിളിച്ചതെന്ന് നേരത്തെ കോണ്‍ഗ്രസ് ആരോപിച്ചിരുന്നു. സമ്മേളനത്തിന്റെ അജണ്ടയുടെ വിശദാംശങ്ങള്‍ ആവശ്യപ്പെട്ട് കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചിട്ടുണ്ട്.
































