അദാനി ഗ്രൂപ്പുമായി ബന്ധപ്പെട്ട 12 സംശയകരമായ ഇടപാടുകൾ ഉണ്ടെന്ന ഹിൻഡൻബർഗ് റിപ്പോർട്ടിനെക്കുറിച്ച് അന്വേഷിക്കാൻ പുതിയ അന്വേഷണ സമിതി വേണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി സുപ്രീം കോടതി തള്ളി. ഹിൻഡൻബർഗ് റിപ്പോർട്ടിൽ പ്രത്യേക അന്വേഷണമില്ലെന്ന് അറിയിച്ച കോടതി, സെബിയുടെ അന്വേഷണത്തിന് മൂന്നു മാസം കൂടി സമയം നൽകുമെന്ന് വ്യക്തമാക്കി അതേസമയം, നിയമലംഘനം ഉണ്ടോ എന്ന് കേന്ദ്രസർക്കാർ പരിശോധിക്കണമെന്നും നിയമം അനുസരിച്ച് നടപടി എടുക്കണമെന്നും കോടതി അറിയിച്ചു.
സെബിയുടെ അന്വേഷണം തൃപ്തികരമല്ലെന്നായിരുന്നു ഹർജിയിലെ വാദം. സെബിയുടെ അധികാരത്തിൽ ഇടപെടാൻ പരിമിതിയുണ്ടെന്ന് വ്യക്തമാക്കിയ കോടതി, 22 വിഷയങ്ങളിൽ 20 എണ്ണത്തിലും സെബി അന്വേഷണം പൂർത്തിയാക്കിയെന്നും സോളിസിറ്റർ ജനറലിൻ്റെ ഉറപ്പ് കണക്കിലെടുത്ത്, മറ്റു രണ്ട് കേസുകളുടെ അന്വേഷണം 3 മാസത്തിനുള്ളിൽ പൂർത്തിയാക്കാൻ സെബിയോട് നിർദ്ദേശിക്കുന്നുവെന്നും അറിയിച്ചു. അന്വേഷണം സെബിയിൽ നിന്ന് പ്രത്യേക അന്വേഷണ സമിതിയിലേക്ക് മാറ്റുന്നതിൽ അടിസ്ഥാനമില്ലെന്നും കോടതി വ്യക്തമാക്കി
കഴിഞ്ഞ വർഷം നവംബറിലാണ് സുപ്രീം കോടതി വിധി പറയാനായി മാറ്റി വച്ചത് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് വിധി പറയുന്നത് മാറ്റിവച്ചത്. സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയെ (സെബി) ഇടപെടാൻ പ്രേരിപ്പിച്ച അദാനി ഗ്രൂപ്പിന്റെ സാമ്പത്തിക പ്രവർത്തനങ്ങളെയും വ്യാപാര പ്രവർത്തനങ്ങളെയും കുറിച്ച് ഹിൻഡൻബർഗ് റിസർച്ച് ഉന്നയിച്ച ആരോപണങ്ങളുമായി ബന്ധപ്പെട്ടതാണ് കേസ്.
































