കൊച്ചി : കാസർകോട് എൻഡോസൾഫാൻദുരിതബാധിതർക്കായി നിർമിച്ച വീടുകളുടെ അറ്റകുറ്റപ്പണി നവംബർ 30നകം പൂർത്തിയാക്കണമെന്ന് ഹൈകോടതി. കൂടുതൽ സമയം അനുവദിക്കാനാവില്ലെന്നും വ്യക്തമാക്കി. എൻഡോസൾഫാൻ ഇരകൾക്ക് തങ്ങൾ നിർമിച്ചുനൽകിയ വീടുകൾ സർക്കാർ കൈമാറാത്തതിനാൽ ഉപയോഗശൂന്യമാകുന്നെന്നുകാട്ടി സത്യസായി ഓർഫനേജ് ട്രസ്റ്റ് നൽകിയ ഹരജിയിൽ ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റേതാണ് നിർദേശം.
വീടുകളുടെ അറ്റകുറ്റപ്പണി പുരോഗമിക്കുകയാണെന്നും തടിപ്പണികളും വൈദ്യുതി ജോലികളും തീരാനുണ്ടെന്നും ഹരജിക്കാർ പറഞ്ഞു. വൈദ്യുതി ജോലി 14നകം പൂർത്തിയാകും. തടിപ്പണി നവംബർ അവസാനത്തോടെ മാത്രമേ തീരൂ. ഭൂമി നിരപ്പാക്കുന്ന ജോലി ചെയ്യാനുമുണ്ട്. ഇക്കാര്യത്തിൽ അടിയന്തര നടപടി അനിവാര്യമാണെന്നും കലക്ടർ ജില്ല ദുരന്തനിവാരണ അതോറിറ്റിയുടെ അധികാരം വിനിയോഗിച്ച് പൊതുമരാമത്ത് വിഭാഗത്തെ ഉൾപ്പെടെ നിയോഗിച്ച് പണി ഈമാസം തന്നെ പൂർത്തിയാക്കണമെന്നും കോടതി നിർദേശിച്ചു. 30ന് ഹരജി വീണ്ടും പരിഗണിക്കുമ്പോൾ കലക്ടർ ഓൺലൈനിൽ ഹാജരാകാനും നിർദ്ദേശം

































