കളമശ്ശേരി: ബസ് സ്റ്റോപ്പിൽ യുവതിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ യുവാവ് അറസ്റ്റില്‍. ആലപ്പുഴ ചേർത്തല തുറവൂർ പുതുപ്പറമ്പത്ത് വീട്ടിൽ എസ്. പ്രവീൺകുമാറിനെയാണ് (34) കളമശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തത്. വ്യാഴാഴ്ച വൈകീട്ട് കളമശ്ശേരി കുസാറ്റ് ബസ് സ്റ്റോപ്പിൽ വെച്ചാണ് സംഭവം.
കളമശ്ശേരിയിൽ താമസിക്കുന്ന യുവതി തന്റെ വീട്ടിൽവന്ന കൂട്ടുകാരിയെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ കൊണ്ടുചെന്നാക്കി മടങ്ങുന്ന സമയത്ത് അവിടെയിരുന്ന യുവാവ് യുവതിയെ നോക്കി നഗ്നത പ്രദർശിപ്പിക്കുകയായിരുന്നു. ഭയന്ന യുവതി വേഗം വീട്ടിലേക്ക് മടങ്ങി. എന്നാൽ, യുവതിയെ പിന്തുടർന്ന യുവാവ് വീണ്ടും നഗ്നത കാണിക്കുകയുമായിരുന്നു. ഇതോടെ യുവതി ബഹളംവെച്ചു. ഓടിക്കൂടിയ നാട്ടുകാർ യുവാവിനെ തടഞ്ഞുവെക്കുകയും വിവരമറിഞ്ഞ് സ്ഥലത്തെത്തിയ കളമശ്ശേരി പൊലീസ് ഇൻസ്പെക്ടർ വിപിൻദാസിന്റെ നേതൃത്വത്തിൽ സി.പി.ഒ കൃഷ്ണരാജ്, ശരത് ലാൽ, രതീഷ് എന്നിവർ ചേർന്ന് ഇയാളെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.

































