കേരള സർവകലാശാല കലോത്സവത്തിന് ‘ഇൻതിഫാദ’ എന്ന് പേരിട്ടതിനെതിരെ ഹൈക്കോടതിയിൽ ഹർജി. ഒന്നാം വർഷ ബിരുദ വിദ്യാർഥിയും കൊല്ലം അഞ്ചൽ സ്വദേശിയുമായ എ.എസ് .ആഷിഷാണ് ഹൈക്കോടതിയെ സമീപിച്ചത്. പലസ്തീൻ -ഇസ്രയേൽ യുദ്ധവുമായി ബന്ധപ്പെട്ട പദമാണ് ഇതെന്നും കലോത്സവത്തിന് ഇത്തരം പേര് നൽകരുതെന്നുമാണ് ഹർജിക്കാരൻ ആവശ്യപ്പെട്ടിരിക്കുന്നത്.
അസ്വസ്ഥതയുണ്ടാക്കുന്നതാണ് ഈ പേരെന്നും ഇതു മാറ്റണമെന്ന് ആവശ്യപ്പെട്ട് ഗവർണർക്കും വൈസ് ചാൻസലർക്കും പരാതി നൽകിയെങ്കിലും നടപടി ഉണ്ടായില്ലെന്നും ഹർജിയിൽ പറയുന്നു. ഹർജിയിൽ ഗവർണർ, കേരള സർവകലാശാല വൈസ് ചാൻസിലർ, സർവകലാശാല യൂണിയൻ എന്നിവർക്ക് ഹൈക്കോടതി നോട്ടിസ് അയച്ചു.
കലാ, സാംസ്കാരിക പ്രവർത്തനങ്ങൾ ഊർജിതപ്പെടുത്താനുള്ള കലോത്തസവത്തിന് “തകിടം മറിക്കുക’ എന്ന് അർഥം വരുന്ന അറബിക് പദമായ ഇൻതിഫാദ എന്നു പേരിടുന്നത് അസ്വാസ്ഥ്യപ്പെടുന്നു. ഇസ്രയേലും പലസ്തീനുമായി ഗാസയിൽ ഉടലെടുത്ത സംഘർഷത്തോട് അനുബന്ധിച്ച് പലസ്തീൻകാർ ഉപയോഗിച്ച വാക്കാണിത്. ഹമാസ് പോലുള്ള തീവ്രവാദ, സായുധ സംഘങ്ങളുമായി ചരിത്രപരമായി ബന്ധപ്പെട്ടു കിടക്കുന്ന പേരാണ് ഇൻതിഫാദ. ഇസ്രയേലിനു മേൽ പലസ്തീന്‍റെ സ്കാർഫ് വീണു കിടക്കുന്നതാണ് കലോത്സവ ലോഗോയിലുള്ളത്. ഒരു യുവജനോത്സവം കലാപവുമായോ യുദ്ധവുമായോ ബന്ധപ്പെടുത്തരുത്. യൂത്ത് ഫെസ്റ്റിവലിൽ രാഷ്ട്രീയത്തിനോ ആഗോള രാഷ്ട്രീയത്തിനോ സ്ഥാനമില്ല. ഇസ്രായേൽ- പലസ്തീൻ സംഘർഷമല്ല ഇവിടെ ചർച്ചയാകേണ്ടതും സർഗാത്മകമായി പ്രകടിപ്പിക്കേണ്ടതും. ഇതു വിദ്യാർഥി സമൂഹത്തിൽ ഭിന്നതയുണ്ടാക്കാനേ ഇടയാക്കൂ എന്നും ഹർജിയിൽ പറയുന്നു. ലസ്തീനുമായും ഇസ്രയേലുമായും ഇന്ത്യ മെച്ചപ്പെട്ട ബന്ധം പുലർത്തുന്ന സാഹചര്യത്തിൽ ഒരു സർവകലാശാല യുവജനോത്സവത്തിൽ ഒരു രാജ്യത്തിനുപരിയായി മറ്റൊരു രാജ്യത്തെ തെരഞ്ഞെടുക്കുന്നത് ശരിയല്ല. മാർച്ച് 4 മുതൽ 11 വരെ നടക്കുന്ന യുവജനോത്സവത്തിൽ ഈ ലോഗോയും എഴുത്തും ഉപയോഗിക്കുന്നത് വിലക്കണമെന്നും ആഷിഷ് ആവശ്യപ്പെട്ടു. മാർച്ച് 7 മുതൽ 11 വരെ പാളയം യൂണിവേഴ്‌സിറ്റി കോളെജിലാണ് സർവകലാശാല കലോത്സവം നടക്കുക.

































