ഹേമ കമ്മിറ്റി റിപ്പോർട്ടിൽ തുടർനടപടി സ്വീകരിക്കാത്ത പശ്ചാത്തലത്തിൽ സർക്കാരിനെതിരേ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. പരാതി തന്നാൽ മാത്രം കേസെടുക്കേണ്ട വിഷയമാണോ ഇതെന്ന് സതീശൻ ചോദിച്ചു.
ഹേമ കമ്മിറ്റി റിപ്പോർട്ടിൽ നടപടി ആവശ്യപ്പെട്ട് മഹിളാ കോൺഗ്രസ് കൊച്ചിയിൽ നടത്തുന്ന സത്യാഗ്രഹസമരവേദിയിൽ സംസാരിക്കുകയായിരുന്നു സതീശൻ. കുറ്റകൃത്യങ്ങളുടെ പരമ്പരയാണ് നടന്നത്. അതിന് ഇരകൾ തന്നെയാണ് മൊഴി നൽകിയത്.
റിപ്പോർട്ട് പുറത്തുവരരുതെന്ന് പറഞ്ഞ് ജസ്റ്റീസ് ഹേമ സർക്കാരിന് കത്തെഴുതിയെന്നാണ് മുഖ്യമന്ത്രി പറയുന്നത്. മുഖ്യമന്ത്രി പച്ചക്കള്ളം പറയുകയാണെന്ന് സതീശൻ ആരോപിച്ചു.
റിപ്പോർട്ട് പുറത്തുവരുമ്പോൾ ഇത്തരം കേസുകളിലെ സുപ്രീംകോടതിയുടെ മാർഗനിർദേശങ്ങൾ പാലിക്കുന്നെന്ന കാര്യം ഉറപ്പുവരുത്തണമെന്നാണ് അവർ പറഞ്ഞത്. ഇരയുടെ പേരുവിവരങ്ങൾ പുറത്തുവിടരുതെന്ന കാര്യമാണ് സൂചിപ്പിച്ചത്. ഇത് ദുർവ്യാഖ്യാനം ചെയ്‌ത് മുഖ്യമന്ത്രി വേട്ടക്കാരെ സംരക്ഷിക്കുകയാണെന്നും സതീശൻ വിമർശിച്ചു.
റിപ്പോർട്ടിലെ കൂടുതൽ ഭാഗങ്ങൾ വെട്ടിമാറ്റിയത് ആരുടെ സ്വകാര്യത സംരക്ഷിക്കാനാണെന്ന് മുഖ്യമന്ത്രി പറയണം. വേട്ടക്കാരുടെ സ്വകാര്യത സംരക്ഷിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും സതീശൻ ചോദിച്ചു.
































