തിരുവനന്തപുരം: സോളാർ പീഡനകേസിൽ നിയനസഭ നിർത്തിവച്ച് അല്പസമയത്തിനുള്ളിൽ വിഷയം ചർച്ച ചെയ്യും. സോളാർ കേസിൽ സിബിഐയുടെ കണ്ടെത്തൽ സഭ നിർത്തിവച്ച് ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷത്തു നിന്നും ഷാഫി പറമ്പിൽ നൽകിയ അടിയന്തര പ്രമേയത്തിന്മേലാണ് ചർച്ച. പരാതിക്കാരി ജയിലിൽ കിടന്നപ്പോൾ ആദ്യം എഴുതിയ കത്തിൽ ഉമ്മന്‍ ചാണ്ടിയുടെ പേരില്ലായിരുന്നു എന്നും ഇത് പിന്നീട് എഴുതി ചേർത്തതാണെന്നുമാണ് സിബിഐയുടെ കണ്ടെത്തൽ.എന്നാൽ സിബിഐയുടെ റിപ്പോർട്ട് സർക്കാരിന്‍റെ കൈവശമില്ലെന്നും മാധ്യമങ്ങളിൽ നിന്നുള്ള അറിവ് മാത്രമേയുള്ളെന്നും മുഖ്യമന്ത്രി പറഞ്ഞു. അതിജീവിതയുടെ ആവശ്യപ്രകാരം സിബിഐയെ അന്വേഷണം ഏൽപ്പിച്ചത് സർക്കാരാണ്. റിപ്പോർട്ട് ഔദ്യോഗികമല്ലാത്തതിനാൽ അഭിപ്രായം പറയാനാകില്ല. ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തിൽ മറുപടി പറയുന്നത് യുക്തിക്ക് നിരക്കുന്നതല്ല. സിബിഐയുടെ റിപ്പോർട്ട് സംബന്ധിച്ച് ഔദ്യോഗിക രേഖകളൊന്നും സർക്കാരിന്‍റെ പക്കൽ ഇല്ലെങ്കിലും അടിന്തര പ്രമേയം ചർച്ച ചെയ്യാന്‍ സർക്കാർ തയ്യാറാണെന്ന് മുഖ്യമന്ത്രി സഭയിൽ അറിയിക്കുകയായിരുന്നു.

































