ലൈംഗികപീഡന ആരോപണം ഉന്നയിച്ച നടി രേവതി സമ്പത്തിനെതിരെ ഡിജിപിക്ക് പരാതി നല്‍കി ‘അമ്മ’ മുൻ ജനറൽ സെക്രട്ടറിയും നടനുമായ സിദ്ദിഖ്. തനിക്കെതിരായ ആരോപണങ്ങൾക്കു പിന്നിൽ പ്രത്യേക അജണ്ടയുണ്ടെന്നും വ്യത്യസ്ത സമയങ്ങളിൽ ഇവര്‍ വ്യത്യസ്ത ആരോപണങ്ങളാണ് ഉന്നയിക്കുന്നതെന്നും ഇതുസംബന്ധിച്ച് അന്വേഷണം നടത്തണമെന്നും ഡിജിപിയ്ക്ക് നൽകിയ പരാതിയിൽ സിദ്ദിഖ് പറയുന്നു.
അമ്മയ്‌ക്കെതിരേ ആരോപണങ്ങള്‍ ഉണ്ടായ സമയത്ത് താനും കെപിഎസി ലളിതയും ചേർന്ന് വാര്‍ത്താസമ്മേളനം നടത്തിയതിന് പിന്നാലെയാണ് ഇവർ ആദ്യം ആരോപണം ഉന്നയിക്കുന്നത്. താൻ അഭിനയിച്ച സുഖമായിരിക്കട്ടെ എന്ന സിനിമയുടെ പ്രിവ്യു ഷോയ്ക്ക് എത്തിയപ്പോൾ മോശമായി സംസാരിച്ചു എന്നായിരുന്നു അത്. പക്ഷേ ഈ ആരോപണം ഉന്നയിക്കുന്നത് പോലെ യാതൊരുവിധ സംഭവങ്ങളും ഉണ്ടായിട്ടില്ല. 2016-ൽ ഒരു തവണ മാത്രമാണ് രേവതിയെ കണ്ടിട്ടുള്ളത്. അന്ന് ഇവര്‍ രക്ഷിതാക്കള്‍ക്കൊപ്പമാണ് എത്തിയത്.
പിന്നീട് പലതവണ സോഷ്യൽ മീഡിയകൾ വഴിയും മാധ്യമങ്ങൾ വഴിയും വ്യത്യസ്തമായ ആരോപണങ്ങളാണ് നടി ഉന്നയിച്ചത്. താൻ മോശമായി സംസാരിച്ചുവെന്നും പിന്നീട് ബലാത്സംഗം ചെയ്തു എന്നും പറയുകയുണ്ടായി. ഒരുഘട്ടത്തിൽ പോക്സോ കേസ് വരുന്ന തരത്തിൽ പ്രായപൂർത്തിയാകുന്നതിന് മുൻപാണ് താൻ ലൈംഗികമായി ചൂഷണം ചെയ്യപ്പെട്ടതെന്നാണ് നടി ആരോപിച്ചത്. ചൈനയില്‍ ഉപരിപഠനത്തിന് പോയപ്പോള്‍ സഹപാഠിയുടെ നഗ്നചിത്രം എടുത്തതിന് അവിടെനിന്ന് പുറത്താക്കിയ ആളാണ് ഇവർ എന്ന് ഒരു ഫാഷൻ ഷോ കോഡിനേറ്റർ വഴി താൻ കേട്ടിട്ടുണ്ട്. ഇത്തരത്തിൽ വ്യത്യസത സമയങ്ങളിൽ വ്യത്യസ്ത ആരോപണങ്ങൾ ഉന്നയിക്കുന്നതിലൂടെ ഒരു പ്രത്യേക അജണ്ട ഇവർക്കുണ്ടെന്നും അന്വേഷണം നടത്തണമെന്നും പരാതിയിൽ പറയുന്നു.
































