തിരുവനന്തപുരം: ഒളിമ്പ്യൻ പി.ആർ.ശ്രീജേഷിന് സംസ്ഥാന സർക്കാർ നൽ കുന്ന സ്വീകരണം മാറ്റിവച്ചതിനെ വിമർശിച്ച് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. മന്ത്രിമാരുടെ ഈഗോ ക്ലാഷിനെ തുടർന്നാണ് സ്വീകരണം മാറ്റിവച്ചത്.
ഇത് കായിക രംഗത്തോടുള്ള അപമാനമാണ്. കായിക വകുപ്പാണോ വിദ്യാഭ്യാസ വകുപ്പുമാണോ സ്വീകരണം നൽകേണ്ടതെന്ന തർക്കം സർക്കാരിന്റെ കൂട്ടുത്തരവാദിത്വമില്ലായ്‌മയും വീഴ്‌ചയുമാണ്. രണ്ട് ഒളിമ്പികിസ് മെഡൽ നേടിയ കായിക താരത്തെ സർക്കാർ അവഹേളിക്കുകയാണ്.
മന്ത്രിമാർ തമ്മിലുള്ള തർക്കവും ഒടുവിൽ മുഖ്യമന്ത്രി ഇടപെട്ട് ചടങ്ങ് മാറ്റി വച്ചതുമൊന്നും അറിയാതെ ശ്രീജേഷും കുടുംബവും സ്വീകരണ ചടങ്ങിന് തിരുവനന്തപുരത്തേക്ക് തിരിച്ചിരിക്കുന്നു. രാജ്യം ആദരിക്കുന്ന ഹോക്കി താരത്തോട് എന്ത് മര്യാദയാണ് സംസ്ഥാന സർക്കാർ കാട്ടിയത്?
ജന്മനാട്ടിൽ പി.ആർ. ശ്രീജേഷ് നേരിട്ട അപമാനത്തിന് മുഖ്യമന്ത്രി പരസ്യമായി മാപ്പ് പറയണം. ഇനി ഒരു കായികതാരത്തിനും ഇത്തരം ഒരു അവസ്ഥ ഉണ്ടാകരുത്. അഭിമാന താരങ്ങളെ അപമാനിക്കാതിരിക്കാനെങ്കിലും സംസ്ഥാന സർക്കാർ ശ്രദ്ധിക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.
































