ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിൻ്റെയും കമ്മിഷനില്‍ ലഭിച്ച പരാതിയുടെയും അടിസ്ഥാനത്തില്‍ പരിശോധിക്കുമ്പോള്‍ മലയാള സിനിമാ വ്യവസായ മേഖലയില്‍ നടക്കുന്നത് വ്യാപകമായ മനുഷ്യാവകാശ ലംഘനങ്ങളാണെന്ന് മനുഷ്യാവകാശ കമ്മിഷന്‍ ജൂഡീഷ്യല്‍ അംഗം കെ. ബൈജൂനാഥ്. ഇവ പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ചീഫ് സെക്രട്ടറിയും സംസ്ഥാന പോലീസ് മേധാവിയും കമ്മിറ്റി റിപ്പോര്‍ട്ടും പരാതിയും വിശദമായി വിലയിരുത്തി സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്ന നടപടികളേക്കുറിച്ച് രണ്ടാഴ്ചക്കകം വിശദീകരണം നൽകണം. സെപ്റ്റംബറില്‍ കണ്ണൂര്‍ ഗസ്റ്റ് ഹൗസില്‍ നടക്കുന്ന സിറ്റിങ്ങില്‍ കേസ് പരിഗണിക്കുമെന്നും മനുഷ്യാവകാശ കമ്മിഷന്‍ അറിയിച്ചു.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കപ്പെട്ട മനുഷ്യാവകാശ ലംഘനങ്ങള്‍ക്ക് ഉത്തരവാദികളായവര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകനായ കണ്ണൂര്‍ സ്വദേശി വി. ദേവദാസ് സമര്‍പ്പിച്ച പരാതിയിലാണ് നടപടി.
































