കോഴിക്കോട്: ജില്ലയില്‍ വീണ്ടും നിപ രോഗബാധ സംശയത്തോടെ രണ്ടുപേര്‍ മരിച്ചതിനെ തുടര്‍ന്ന് ആരോഗ്യവകുപ്പ് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. സ്വകാര്യ ആശുപത്രികളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട രണ്ട് മരണങ്ങളിലും നിപ ലക്ഷണങ്ങള്‍ കണ്ടതോടെ മരിച്ച ഒരാളുമായി സമ്പര്‍ക്കം പുലര്‍ത്തിയ നാലുപേര്‍ സമാന ലക്ഷണങ്ങളോടെ ചികിത്സയിലാണ് പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്നുള്ള പരിശോധനാ ഫലം ഇന്ന് ഉച്ചയോടെ ലഭിക്കും.സമ്പര്‍ക്കം പുലര്‍ത്തിയവരെ കണ്ടെത്താനുള്ള ശ്രമം തുടങ്ങിയിട്ടുണ്ട്. പരിശോധനാ ഫലത്തില്‍ രോഗം സ്ഥിരീകരിച്ചാല്‍ നിപ പ്രോട്ടോക്കോള്‍ നടപടികളിലേക്ക് ആരോഗ്യവകുപ്പ് കടക്കും. പനി ബാധിച്ച് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയയാളും ഇയാള്‍ ചികിത്സയിലിരിക്കെ അച്ഛനുമായി ആശുപത്രിയിലെത്തിയ മറ്റൊരാളുമാണ് സമാന ലക്ഷണങ്ങളോടെ മരണത്തിന് കീഴടങ്ങിയത്. ആദ്യ മരണം ഓഗസ്റ്റ് 30 ന് ആയിരുന്നു. എന്നാല്‍, നിപ ആണെന്ന സംശയങ്ങള്‍ ഒന്നും ആ സമയം ഉണ്ടായിരുന്നില്ല. ന്യുമോണിയ ആണ് മരണ കാരണമെന്നാണ് കരുതിയത്. വിശദമായ പരിശോധന നടത്തിയെങ്കിലും സംശയിക്കാവുന്ന തരത്തിലൊന്നും ഉണ്ടായിരുന്നില്ലെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി.

































