കളമശ്ശേരി: നിരോധിത ലഹരിപദാർഥമായ എം.ഡി.എം.എ കൈവശംവെച്ച മധ്യവയസ്കനെയും യുവതിയെയും യോദ്ധാവ് സ്ക്വാഡും കളമശ്ശേരി പൊലീസും ചേര്‍ന്ന് അറസ്റ്റ് ചെയ്തു. വൈപ്പിന്‍ എളങ്കുന്നപ്പുഴ വളപ്പ് പുളിക്കല്‍ വീട്ടില്‍ പി.സി. ഷാജി (51), തിരുവനന്തപുരം വെങ്ങാനൂര്‍ മുട്ടക്കട നക്കുളത്ത് വീട്ടില്‍ കെ. രേഷ്മ (31) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.തിങ്കളാഴ്ച രാത്രിയാണ് സംഭവം. ഇടപ്പള്ളി ചമ്പോകടവ് റോഡ് കാച്ചപ്പിള്ളി ലൈനിലുള്ള പുളിക്കലകത്ത് അപ്പാര്‍ട്ട്മെന്റിൽ മയക്കുമരുന്ന് വില്പന നടക്കുന്നതായി ?പൊലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്. 2.70 ഗ്രാം എം.ഡി.എം.എ ആണ് കണ്ടെടുത്തത്. ഉപയോഗത്തിനും വില്പന നടത്തുന്നതിനുമായാണ് കൈവശംവെച്ചതെന്ന് ചോദ്യംചെയ്യലില്‍ ഇവര്‍ സമ്മതിച്ചതായി പൊലീസ് പറഞ്ഞു. ഇന്‍സ്പെക്ടര്‍ വിപിന്‍ ദാസിന്റെ നേതൃത്വത്തില്‍ യോദ്ധാവ് സ്ക്വാഡിന്റെ സഹായത്തോടെ കളമശ്ശേരി എസ്.ഐമാരായ എ. വിനോജ്, കെ.പി. അജയകുമാര്‍, എ.എസ്.ഐ ദിലീപ്, അജ്മല്‍ നസീബ്, മനോജ്, ശരത്, അജു സജന എന്നിവര്‍ ഉള്‍പ്പെടുന്ന സംഘമാണ് ഇവരെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു

































