കൊൽക്കത്ത: ഏകദിന ലോകകപ്പിലെ നിർണായക മത്സരത്തിൽ ഇന്ത്യയ്ക്ക് എതിരെ ദക്ഷിണാഫ്രിക്കയ്ക്ക് 327 റൺസ് വിജയലക്ഷ്യം. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 50 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 326 റൺസ് നേടി. വിരാട് കോഹ്ലിയുടെ ചരിത്ര സെഞ്ച്വറിയാണ് ഇന്ത്യയ്ക്ക് മികച്ച സ്കോർ സമ്മാനിച്ചത്.
ഓപ്പണർമാരായ രോഹിത് ശർമ്മയും ശുഭ്മാൻ ഗില്ലും ഇന്ത്യയ്ക്ക് ഗംഭീര തുടക്കമാണ് നൽകിയത്. ഒന്നാം വിക്കറ്റിൽ 5.5 ഓവറിൽ ടീം സ്‌കോർ 62ൽ എത്തിച്ച ശേഷമാണ് രോഹിത് മടങ്ങിയത്. പതിവ് ശൈലിയിൽ ആക്രമിച്ച് കളിച്ച രോഹിത് 24 പന്തിൽ 40 റൺസ് നേടി. ഗിൽ 23 റൺസ് നേടി പുറത്താകുമ്പോൾ ഇന്ത്യ 93 റൺസിൽ എത്തിയിരുന്നു.
മൂന്നാമനായി ക്രീസിലെത്തിയ ബർത്ത് ഡേ ബോയ് വിരാട് കോഹ്ലി മികച്ച ഫോമിലായിരുന്നു. ശ്രേയസ് അയ്യരും മികച്ച പ്രകടനം പുറത്തെടുത്തതോടെ സ്‌കോർ ഉയർന്നു. 134 റൺസിന്റെ കൂട്ടുകെട്ടാണ് ഇരുവരും ചേർന്ന് പടുത്തുയർത്തിയത്. ശ്രേയസ് അയ്യർ 87 പന്തിൽ 77 റൺസ് നേടി. 49-ാം ഓവറിൽ ആരാധകർക്ക് പിറന്നാൾ സമ്മാനം നൽകി വിരാട് കോഹ്ലി ചരിത്രം കുറിച്ചു. കാത്തിരിപ്പിന് വിരാമമിട്ട് കോഹ്ലി സെഞ്ച്വറി തികച്ചു

































