രാജ്യത്ത് ഒറ്റ തെരഞ്ഞെടുപ്പ് നടത്തുന്നതുമായി ബന്ധപ്പെട്ട് രാംനാഥ് കോവിന്ദ് സമിതി കഴിഞ്ഞദിവസം രാഷ്ട്രപതിക്ക് റിപ്പോർട്ട് സമർപ്പിച്ചു. 2029 മുതൽ രാജ്യത്ത് ലോക്സഭാ നിയമസഭാ തെരഞ്ഞെടുപ്പുകൾ ഒരുമിച്ച് നടത്താമെന്ന് റിപ്പോർട്ടിൽ ശുപാർശ ചെയ്തിരിക്കുന്നു. ലോക്സഭാ നിയമസഭാ തിരഞ്ഞെടുപ്പുകൾ കഴിഞ്ഞ് 100 ദിവസത്തിനകം രാജ്യത്ത് ഉടനീളം ത്രിതല തദ്ദേശ സ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പുകൾ നടത്താമെന്നും സമിതി ശുപാർശ ചെയ്തിട്ടുണ്ട്.ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്ന നയം നടപ്പിലാക്കുന്നതിന് വേണ്ടി കേന്ദ്ര സർക്കാരിന്റെ
നിർദ്ദേശപ്രകാരമാണ് മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദിൻ്റെ നേതൃത്വത്തിൽ സമിതിയെ നിയോഗിച്ചത്. 18000 പേജുള്ള റിപ്പോർട്ടാണ് സമിതി രാഷ്ട്രപതി മുമ്പാകെ സമർപ്പിച്ചത്. ലോക്സഭാ നിയമസഭാ തെരഞ്ഞെടുപ്പുകൾ ഒരുമിച്ച് നടത്തുന്നത് ഭാരത് എന്ന ഇന്ത്യയുടെ സങ്കൽപ്പത്തിന്റെ ചോദനകൾ യാഥാർത്ഥ്യമാക്കുമെന്നും വോട്ടർമാർക്ക് ആത്മവിശ്വാസം ഉണ്ടാകുമെന്നും രാഷ്ട്രീയ പ്രക്രിയയിലും ഭരണത്തിലും മാറ്റം കൊണ്ടുവരുമെന്നും റിപ്പോർട്ടിൽ പറയുന്നു. ആർക്കും ഭൂരിപക്ഷമില്ലാതെ തൂക്കുമന്ത്രിസഭ വന്നാൽ വീണ്ടും തെരഞ്ഞെടുപ്പ് നടത്തണമെന്നാണ് സമിതി നിർദ്ദേശം. ഇപ്പോൾ രാജ്യത്ത് ഘട്ടം ഘട്ടമായാണ് പല സംസ്ഥാനത്തും തെരഞ്ഞെടുപ്പ് നടക്കുന്നത്. അത് അധിക ചിലവ് വരുത്തുകയും ജോലി ഭാരം കൂട്ടുകയും ചെയ്യുന്നു.

ഒറ്റ തെരഞ്ഞെടുപ്പെന്ന ഇപ്പോഴത്തെ സമിതി റിപ്പോർട്ട് രാജ്യത്ത് നടപ്പിലാക്കുകയാണെങ്കിൽ പൊതു ഖജനാവിൻ്റെ ഭാരം ഗണ്യമായി കുറയ്ക്കുവാൻ കഴിയും. ഓരോ തെരഞ്ഞെടുപ്പുകൾ വരുമ്പോഴും തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥന്മാരെ തെരഞ്ഞെടുപ്പ് ജോലിക്കും മറ്റും നിയമിച്ചു കഴിഞ്ഞാൽ പൊതുവായ ഒരു ജോലിയും സർക്കാർ ഓഫീസുകളിലും മറ്റും നടക്കാറില്ല ഈ കാരണത്താൽ പൊതുജനങ്ങൾ വളരെയേറെ ബുദ്ധിമുട്ടുന്നുണ്ട്. ഒറ്റ തെരഞ്ഞെടുപ്പ് എന്ന ആശയം രാജ്യത്ത് നിലവിൽ വന്നാൽ ഉദ്യോഗസ്ഥരുടെ ജോലി ഭാരം കുറയുകയും അത് പൊതുജനങ്ങൾക്ക് ഏറെ ഗുണം ചെയ്യുകയും ചെയ്യും. രാജ്യത്ത് 47 രാഷ്ട്രീയ പാർട്ടികൾ അഭിപ്രായം അറിയിച്ചതിൽ 32 എണ്ണവും അനുകൂല നിലപാടാണ് സ്വീകരിച്ചത്.15 രാഷ്ട്രീയ പാർട്ടികൾ മാത്രമേ എതിർപ്പ് പ്രകടിപ്പിച്ചിട്ടുള്ളു. ഈ കാര്യവും റിപ്പോർട്ടിൽ പറയുന്നുണ്ട്. എന്ത് തന്നെയായാലും ഒറ്റ തെരഞ്ഞെടുപ്പ് എന്ന സമിതി റിപ്പോർട്ട് വേഗം തന്നെ നടപ്പിലാക്കാൻ കഴിയുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.അത് ജനാധിപത്യ പ്രക്രിയയിൽ ജനങ്ങൾക്ക് ഗുണം തന്നെയായിരിക്കും.































