അധിക്ഷേപ പരാമർശത്തിൽ കലാമണ്ഡലം സത്യഭാമയ്ക്കെതിരെ കൻ്റോൺമെൻ്റ് പൊലീസ് കേസെടുത്തു ആർഎൽവി രാമകൃഷ്‌ണൻ നൽകിയ പരാതിയിൽ ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് കേസെടുത്തത് യൂട്യൂബ് ചാനൽ അഭിമുഖത്തിൽ സത്യഭാമ നടത്തിയ വിവാദ പരാമർശങ്ങളിൽ എസ്.ഇ/എസ്ടി പീഡന നിരോധന നിയമം പ്രകാരമാണ് കേസ് റജിസ്‌റ്റർ ചെയ്തത്.
ചാലക്കുടി ഡിവൈഎസ്‌പിക്ക് നൽകിയ പരാതിയിൽ വ്യക്തിപരമായി അപമാനിച്ചെന്ന് രാമകൃഷ്‌ണൻ പറഞ്ഞിരുന്നു അഭിമുഖം നൽകിയത് വഞ്ചിയൂരിലായതിനാൽ പരാതി കൈമാറുകയായിരുന്നു. അഭിമുഖം നൽകിയ യൂട്യൂബ് ചാനലിനെതിരെയും നടപടി വേണമെന്നു പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. രാമകൃഷ്ണന് കാക്കയുടെ നിറമാണെന്നും സൗന്ദര്യമുള്ളവർ വേണം മോഹിനിയാട്ടം അവതരിപ്പിക്കാനെന്നുമായിരുന്നു സത്യഭാമയുടെ പരാമർശം.
അധിക്ഷേപ പരാമർശം അന്വേഷിക്കണമെന്ന് പട്ടികജാതി- പട്ടികവർഗ കമ്മിഷൻ പൊലീസ് മേധാവിക്ക് കഴിഞ്ഞയാഴ്ച നിർദേശം നൽകിയിരുന്നു. കറുത്ത നിറമുള്ള കലാകാരന്മാരെ സത്യഭാമ ജാതീയമായി അധിക്ഷേപിച്ചെന്നും സംഭവത്തിൽ പത്തു ദിവസത്തിനകം റിപ്പോർട്ട് നൽകണമെന്നുമായിരുന്നു ഡിജിപി എസ്.ദർവേഷ് സാഹിബിന് നൽകിയ നിർദേശത്തിൽ അവശ്യപ്പെട്ടത്.
































