കോഴിക്കോട്: കടലുണ്ടി കോട്ടക്കടവ് ടി.എം.എച്ച്. ആശുപത്രിയിലെ വ്യാജ ഡോക്ടർ മലപ്പുറം ജില്ലയിലെ വിവിധ ഭാഗങ്ങളിൽ ഒമ്പതിലധികം ആശുപത്രികളിൽ ജോലി ചെയ്തതായി വിവരം. രോഗികളോട് നല്ല പെരുമാറ്റം പുലർത്തിയ വ്യാജ ഡോക്ടർ അബു എബ്രഹാം ലൂക്കിനെ സ്ഥിരമായി കാണാൻ എത്തുന്ന രോഗികളും ഉണ്ടായിരുന്നു. ആർ.എം.ഒ.യുടെ ഒഴിവിലേക്ക് ഡോക്ടറെ നിയമിക്കാൻ ആശുപത്രി അധികൃതർ നടത്തിയ അന്വേഷണത്തിലാണ് മറ്റൊരാളുടെ റഫറൻസിലൂടെ അബു ലൂക്ക് എത്തുന്നത്.
ജോലിയിൽ പ്രവേശിക്കും മുമ്പ് രജിസ്റ്റർ നമ്പർ ആവശ്യപ്പെട്ടപ്പോൾ രജിസ്റ്റർ നമ്പർ നൽകി. അബു പി. സേവ്യർ എന്നയാളുടെ പേരിലായിരുന്നു രജിസ്റ്റർ നമ്പർ. ഇക്കാര്യം ചോദിച്ചപ്പോൾ, തനിക്ക് ‘രണ്ട് പേര് ഉണ്ട്’ എന്നാണ് മറുപടി നൽകിയത്. മുമ്പ് ജോലി ചെയ്ത സ്ഥലങ്ങളിൽ അന്വേഷിച്ചപ്പോഴും ഇയാളെക്കുറിച്ച് മികച്ച അഭിപ്രായം ആയിരുന്നു. ആഴ്ചയിൽ രണ്ട് ദിവസം ഈ ആശുപത്രിയിൽ എത്തുന്ന അബു എബ്രഹാമിനെ സ്ഥിരമായി കാണിക്കാൻ എത്തുന്ന നിരവധി രോഗികൾ ഉണ്ടായിരുന്നു എന്നും ആശുപത്രി അധികൃതർ പറയുന്നു.
പരാതി ഉയർന്ന സാഹചര്യത്തിൽ നടത്തിയ അന്വേഷണത്തിലാണ് ഇയാളുടെ യഥാർത്ഥ രജിസ്റ്റർ നമ്പർ ലഭിച്ചതും എം.ബി.ബി.എസ്. പാസ്സായില്ല എന്ന് മനസ്സിലായതും. ഇതേ തുടർന്നാണ് പുറത്താക്കിയതെന്നും ആശുപത്രി അധികൃതർ വ്യക്തമാക്കി. എം.ബി.ബി.എസ്. കഴിഞ്ഞ് നീറ്റ് പരീക്ഷയ്ക്ക് തയ്യാറെടുക്കുകയാണ് എന്നാണ് ഇയാൾ ആശുപത്രി അധികൃതരെ വിശ്വസിപ്പിച്ചത്. പരീക്ഷയ്ക്കായി ഇയാൾ അവധി എടുത്ത് പോകാറുണ്ടായിരുന്നു എന്നും ആശുപത്രി അധികൃതർ പറഞ്ഞു.
മരിച്ച വിനോദ് കുമാറിന്റെ ബന്ധുക്കൾക്ക് തുടക്കത്തിൽ പരാതി ഇല്ലായിരുന്നു. പിന്നീട് ഒരു ബന്ധുവുമായി വിനോദ് കുമാറിന്റെ മകനും ഭാര്യയും ഇതേ ആശുപത്രിയിൽ എത്തിയിരുന്നു. മകന്റെ ഭാര്യ സഹപാഠിയായ അബു എബ്രഹാം ലൂക്കിനെ തിരിച്ചറിഞ്ഞതോടെയാണ് ഞെട്ടിക്കുന്ന വിവരം പുറത്തറിഞ്ഞത്. ഈ പെൺകുട്ടിയാണ് ഇയാൾ എം.ബി.ബി.എസ്. പൂർത്തിയാക്കാത്ത വിവരം അറിയിച്ചതെന്ന് ആശുപത്രി അധികൃതർ വ്യക്താക്കി.
തിരുവല്ല സ്വദേശിയായ അബു എബ്രഹാം ലൂക്ക് 2011-ലാണ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ എം.ബി.ബി.എസ്. പഠനത്തിനായി എത്തുന്നത്.
സെമസ്റ്റർ പരീക്ഷയിൽ തോറ്റതോടെ പഠനം പൂർത്തിയാക്കാനായില്ല. തുടർന്നാണ് സമാന പേരുള്ള മറ്റൊരാളുടെ രജിസ്റ്റർ നമ്പർ ഉപയോഗിച്ച് ചികിത്സ തുടങ്ങിയത്. ഈ രജിസ്റ്റർ നമ്പറിന്റെ യഥാർത്ത ഉടമയെ കണ്ടെത്താനുള്ള ശ്രമങ്ങളും പോലീസ് തുടങ്ങിയിട്ടുണ്ട്.
കോഴിക്കോട് സ്വദേശിയായ ഡോക്ടറെ വിവാഹം കഴിച്ച അബു എബ്രഹാം ലൂക്ക് പിന്നീട് കോഴിക്കോട് തന്നെ തുടരുകയായിരുന്നു എന്നാണ് വിവരം.

































