കൊച്ചി: റെന്റ് എ കാർ ബിസിനസിന്റെ മറവിൽ വാഹനങ്ങൾ തട്ടിയെടുക്കുന്ന സംഘത്തിലെ മുഖ്യപ്രതി അറസ്റ്റിൽ.ആലപ്പുഴ തുറവൂർ കല്ലുത്തറയിൽ അലിൻകുമാർ (31) ആണ് കടവന്ത്ര പൊലീസ് അറസ്റ്റ് ചെയ്തത്.ഇയാൾ കടവന്ത്രയിലെ ഫ്ലാറ്റിൽ താമസിച്ചുവരികയായിരുന്നു. കാർ വാടകക്ക് കൊടുത്തശേഷം അവരിൽനിന്ന് മോഷ്ടിച്ചെടുക്കുകയും കൂടാതെ മറ്റുള്ളവരിൽനിന്ന് കാർ വാടകക്കെടുത്ത ശേഷം മറിച്ചുവിൽക്കുന്നതാണ് ഇയാളുടെ രീതി.കൊച്ചി സിറ്റിയിൽ സമാന രീതിയിലുള്ള കേസുകളിൽ അന്വേഷണം നടത്തിവരവെ സംശയം തോന്നിയ വാഹനവും പ്രതിയെയും പരിശോധിച്ചപ്പോഴാണ് ഇയാൾ പിടിയിലായത്. അന്വേഷണത്തിൽ ഇയാൾ എറണാകുളം ടൗൺ സൗത്ത്, ചേരാനല്ലൂർ, വെള്ളൂർ, കുത്തിയതോട് പൊലീസ് സ്റ്റേഷനുകളിൽ സമാന കേസുകളിൽ ഉൾപ്പെട്ടിട്ടുള്ളയാളാണെന്ന് കണ്ടെത്തി.കടവന്ത്ര എസ്.ഐ അജയ് സരസൻ, എ.എസ്.ഐ പ്രവീൺ, എസ്.സി.പി.ഒമാരായ ഗിരീഷ്, സജിത് സോമൻ, അനിൽകുമാർ, സി.പി.ഒ രതീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

































