ലക്നോ: ഉത്തർപ്രദേശിലെ ഗോരഖ്‌പൂരിൽ രാത്രിയിൽ വീടുകളിൽ അതിക്രമിച്ച് കയറി ഉറങ്ങിക്കിടക്കുന്ന സ്ത്രീകളുടെ തലയ്ക്കടിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. അജയ് നിഷാദ് എന്നയാളാണ് അറസ്റ്റിലായത്.
കഴിഞ്ഞ നാല് മാസത്തിനിടെ നടന്ന ഇത്തരം അഞ്ച് സംഭവങ്ങളിൽ ഒരു സ്ത്രീ മരിക്കുകയും നാല് പേർക്ക് പരിക്കേൽക്കുകയും ചെയ്തു.2022ൽ ഇയാളെ ബാലപീഡനക്കേസിൽ കോടതി ശിക്ഷിച്ചിരുന്നുവെന്നും പ്രതി ആറുമാസത്തോളം ജയിലിൽ കിടന്നിട്ടുണ്ടെന്നും പോലീസ് പറഞ്ഞു. ജാമ്യത്തിലിറങ്ങിയ ഇയാൾ ഗോരഖ്‌പൂരിലേക്ക് മടങ്ങുന്നതിന് മുമ്പ് കുറച്ചുകാലം സൂറത്തിൽ താമസിച്ചു.
ജൂലൈ 30 നാണ് ഇയാൾ ആദ്യ ആക്രമണം നടത്തിയത്. ഒരു വീട്ടിൽ കയറി സ്ത്രീയെ തലയ്ക്കടിച്ച് പരിക്കേൽപ്പിച്ച് ആഭരണങ്ങളുമായി ഇയാൾ കടന്നുകളഞ്ഞു. തുടർന്ന് ഇയാൾ ഇപ്രകാരം അഞ്ച് സ്ത്രീകളെ ആക്രമിച്ചു. ഇതിൽ പരിക്കേറ്റ ഒരാൾ മരിച്ചു.
ആക്രമണത്തിന് ഉപയോഗിച്ചതെന്ന് സംശയിക്കുന്ന ഇരുമ്പ് വടി ഉൾപ്പെടെ നിരവധി മൂർച്ചയുള്ള വസ്തുക്കളും ഇയാളുടെ പക്കൽ നിന്നും പോലീസ് കണ്ടെടുത്തു. കേസ് അതിവേഗ കോടതിയിൽ ഹാജരാക്കുമെന്നും അജയ് നിഷാദിന് കടുത്ത ശിക്ഷ ഉറ പ്പാക്കുമെന്നും പോലീസ് അറിയിച്ചു.

































