ബലാത്സംഗ കേസിൽ പ്രതിയായ നടൻ സിദ്ദിഖിനെ നാളെ തിങ്കളാഴ്ച അന്വേഷണ സംഘം ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിനു ഹാജരാകണമെന്നാവശ്യപ്പെട്ട് അന്വേഷണ സംഘം സിദ്ദിഖിന് നോട്ടീസ് നൽകി. തിരുവനന്തപുരം നാർക്കോട്ടിക് സെൽ എസിയാണ് നോട്ടീസ് നൽകിയത്. തിങ്കളാഴ്ച തിരുവനന്തപുരത്ത് ചോദ്യം ചെയ്യലിനെത്തണമെന്നാണ് നിർദ്ദേശം. സുപ്രീം കോടതിയിൽ നിന്നും ഇടക്കാല ജാമ്യം നേടി ദിവസങ്ങൾക്ക് ശേഷമാണ് സിദ്ദിഖിനെ ചോദ്യം ചെയ്യാനുളള നീക്കം നടക്കുന്നത്.
നടിയെ ബലാത്സംഗം ചെയ്തെന്ന കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാമെന്ന് നടൻ സിദ്ദിഖ് പ്രത്യേക അന്വേഷണ സംഘത്തെ അറിയിച്ചിരുന്നു. നടന്‍റെ മുൻകൂർ ജാമ്യഹർജിയിൽ ഈ മാസം 22ന് സുപ്രീം കോടതി വിശദ വാദം കേൾക്കാനിരിക്കെയാണ് ചോദ്യം ചെയ്യലിന് ഹാജരാകാമെന്ന് ഇ മെയിൽ വഴി അറിയിച്ചത്. സിദ്ദിഖിനെ ചോദ്യം ചെയ്യുന്നത് അന്വേഷണ സംഘത്തിനും നടനും ഒരുപോലെ പ്രധാനമാണ്. സുപ്രീം കോടതി വീണ്ടും കേസ് പരിഗണിക്കുമ്പോൾ ഇരുകൂട്ടരും എന്തു നിലപാട് സ്വീകരിക്കുന്നു എന്നത് ചോദ്യം ചെയ്യലിന്റെ കൂടി അടിസ്ഥാനത്തിലാവും.
സിദ്ദിഖിനെ ചോദ്യം ചെയ്യുന്ന കാര്യത്തിൽ തീരുമാനമെടുക്കാൻ നേരത്തെ അന്വേഷണ സംഘം യോഗം ചേർന്നിരുന്നു. അന്തിമ വിധി വരുന്നതിനു മുൻപ് ചോദ്യം ചെയ്യൽ പൂർത്തിയാക്കണോ അതോ വിധി വന്ന ശേഷം ചോദ്യം ചെയ്താൽ മതിയോ എന്ന കാര്യത്തിൽ അന്വേഷണ സംഘത്തിന് ആശയക്കുഴപ്പമുണ്ടെന്ന സൂചനകൾ പുറത്തുവന്നിരുന്നു.

































