പെരുമ്പാവൂരിൽ വൻ ലഹരി വേട്ട. പത്ത് ലക്ഷത്തിലേറെ രൂപാ വില വരുന്ന നിരോധിത പുകയില ഉൽപ്പന്നങ്ങൾ, കഞ്ചാവ്, ഹെറോയിൻ എന്നിവ പിടികൂടി. ജില്ലാ പൊലീസ് മേധാവി വൈഭവ് സക്സേനയുടെ നിർദ്ദേശപ്രകാരം എഎസ്പി മോഹിത് റാവത്തിന്‍റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘവും പെരുമ്പാവൂർ പൊലീസും ചേർന്ന് നടത്തിയ വ്യാപക പരിശോധനയിലാണ് ലഹരി വസ്തുക്കൾ പിടികൂടിയത്.
പെരുമ്പാവൂർ ജ്യോതി ജംഗ്ഷനിലെ കടകളുടെ മുകൾത്തട്ടിൽ ഉള്ള രഹസ്യ അറകളിൽ നിന്നാണ് പത്ത് ലക്ഷം രൂപ വില വരുന്ന നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടിയത്. ഇതുമായി ബന്ധപ്പെട്ട് മൂന്ന് അസം നൗഗാവ് സ്വദേശികളായ ആരിഫുൽ ഇസ്ലാം (18), മൻജൂറിൽ ഹഖ് (18), അലി ഹുസൈൻ (20) എന്നിവരെപിടികൂടി. പെരുമ്പാവൂർ ഫിഷ് മാർക്കറ്റ് ഭാഗത്തുനിന്ന്കഞ്ചാവുമായി അസം നൗഗാവ് സ്വദേശി നജ്മുൽ ഹഖ് (27) പിടിയിലായി. കുന്നത്തുനാട് പൊലീസ് സ്റ്റേഷൻ പരിധിയിൽ ലാപ് ടോപ് മോഷ്ടിച്ചതിന് ആറുമാസത്തെ ജയിൽ ശിക്ഷ അനുഭവിച്ച പ്രതിയാണ് ഇയാൾ. പെരുമ്പാവൂർ കാളച്ചന്ത ഭാഗത്ത് ഒരു ബിൽഡിങ്ങിലെ റൂമിൽ നിന്നും അഞ്ചുകുപ്പി ഹെറോയിനുമായി നൗഗാവ് സ്വദേശി ഖൈറുൽ ഇസ്ലാം (34) അറസ്റ്റിലായി.

































