തിരുവനന്തപുരത്ത് ഇൻസ്റ്റഗ്രാം ഇൻഫ്ലുവൻസറായ പെൺകുട്ടി ആത്മഹത്യചെയ്ത സംഭവത്തിൽ മറ്റൊരു ഇൻഫ്ലുവൻസർ അറസ്റ്റിൽ. നെടുമങ്ങാട് സ്വദേശി ബിനോയിയെയാണ് പൂജപ്പുര പൊലീസ് അറസ്റ്റ് ചെയ്തത്. ഈ ആണ്‍ സുഹൃത്തിനെതിരെ പോക്സോ പ്രകാരം പൊലീസ് കേസെടുത്തിട്ടുണ്ട്. പെൺകുട്ടിയുടെ അമ്മ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് യുവാവിനെതിരെ കേസെടുത്തത്.
നേരത്തെ ഈ യുവാവിനെതിരെ പെൺകുട്ടിയുടെ പിതാവ് ആരോപണം ഉയർത്തിയിരുന്നു. നെടുമങ്ങാട്ടെ ഈ ഇൻഫ്ലുവൻസർ വീട്ടിൽ മുൻപ് സ്ഥിരമായി വരാറുണ്ടായിരുന്നു. രണ്ടു മാസമായി ഇയാൾ വീട്ടിൽ വരുന്നില്ല. ഇവനാണ് ഉത്തരവാദി എന്ന് ഞങ്ങൾ സംശയിക്കുന്നു. മകളുടെ മരണത്തിനു കാരണം സൈബർ ആക്രമണമല്ലെന്നും പിതാവ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
എന്താണ് മകളുടെ മരണത്തിന് കാരണം എന്ന് പുറത്തുവരണം. സംഭവത്തിൽ അമ്മ പോലീസിൽ പരാതി നൽകിയിട്ടുണ്ട്. നേരത്തെ സോഷ്യൽ മീഡിയ വഴിയുള്ള അധിക്ഷേപമാണ് ആത്മഹത്യക്ക് കാരണമെന്ന് സുഹൃത്തുക്കൾ ആരോപിച്ചിരുന്നു. ഇൻസ്റ്റഗ്രാമിൽ സജീവമായ മറ്റൊരു യുവാവുമായുള്ള സൗഹൃദം ഉപേക്ഷിച്ചതിന് പിന്നാലെയായിരുന്നു ഇത്. ഈ ആരോപണം ശരിവെക്കുന്ന അധിക്ഷേപ കമന്റുകൾ പെൺകുട്ടിയുടെ അക്കൗണ്ടിൽ ഇപ്പോഴും കാണാം. ഇതിനിടെയാണ് പിതാവ് പുതിയ വെളിപ്പെടുത്തൽ നടത്തിയത്.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാന്‍ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: 1056, 0471- 2552056)

































