താമരശേരിയിൽ മൊബൈൽ ഷോപ്പ് ഉടമയെ തട്ടിക്കൊണ്ടു പോയ സംഭവത്തിൽ രണ്ടു പേർ കസ്റ്റഡിയിൽ. ഒരു കാറും പോലീസ് കസ്റ്റഡി യിലെടുത്തിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം.
അടിവാരത്ത് നിന്ന് തട്ടിക്കൊണ്ടുപോയ മൊബൈൽഷോപ്പ് ഉടമ ഹർഷാദിനെ കണ്ടെത്തിയിരുന്നു. വയനാട് വൈത്തിരിയിൽ നിന്നുമാണ് ഹർഷാദിനെ കണ്ടെത്തിയത്. തട്ടിക്കൊണ്ടുപോയ സംഘം വൈത്തിരിയിൽ ഹർഷാദിനെ ഇറക്കി വിടുകയായിരുന്നു.
കോഴിക്കോട് മൂഴിക്കലിൽ മൊബൈൽ ഷോപ്പ് നടത്തിയിരുന്ന ചെറുപറ്റ സ്വദേശി ഹർഷാദിനെ വെള്ളിയാഴ്‌ച രാത്രിയാണ് കാണാതാവുന്നത്. അടിവാരത്തെ ഭാര്യവീട്ടിലായിരുന്ന ഹർഷദ് രാത്രി 12ഓടെ ആരുടെയോ ഫോണ് വന്ന് പുറത്തേക്ക് പോയശേഷം തിരികെ വന്നില്ല.
ശനിയാഴ്ച രാവിലെയും രാത്രിയും ഭാര്യ ഫോൺ വിളിച്ചപ്പോൾ മലപ്പുറത്താണെന്നും കൂടെയുള്ളവർ പണം ആവശ്യപ്പെടുന്നുണ്ടെന്നുമായിരുന്നു മറുപടി ഹർഷദിനെ തട്ടികൊണ്ടു പോയെന്ന് കാണിച്ച് ഭാര്യ ഷഹല താമരശേരി പോലീസിൽ ശനിയാഴ്‌ച രാവിലെ പരാതി നൽകിയിരുന്നു.
ഹർഷദിന് കാരാടി സ്വദേശിയുമായി 10 ലക്ഷം രൂപയുടെ ഇടപാടുണ്ടായിരുന്നെന്നും ഇത് തിരികെ കിട്ടാനാകാം തട്ടികൊണ്ടു പോയതെന്നാണ് പോലീസിന്റെ നിഗമനം.
































