ഗുരുഗ്രാം: ഗുരുഗ്രാമിൽ എട്ട് വയസുള്ള മകനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. സിർഹോൾ ഗ്രാമത്തിലാണ് സംഭവം.
കുറ്റകൃത്യത്തിന് പിന്നിലെ കാരണം വ്യക്തമല്ല. 28കാരിയായ യുവതിയാണ് മകനെ കൊലപ്പെടുത്തിയത്. തിങ്കളാഴ്ച ഉച്ചയോടെയാണ് സ്വകാര്യ ആശുപത്രിയിൽ നിന്ന് കുട്ടി മരിച്ചതായി വിവരം ലഭിച്ചതെന്ന് പോലീസ് പറഞ്ഞു.
അരവിന്ദ് കുമാർ, പൂനം ദേവി എന്നാണ് കുട്ടിയുടെ മാതാപിതാക്കളുടെ പേര്. ഉത്തർപ്രദേശിലെ ലഖിംപൂർ ഖേരി സ്വദേശികളാണ് ഇവർ. അയൽവാസി അറിയിച്ചതനുസരിച്ചാണ് പിതാവ് അരവിന്ദ് വീട്ടിലെത്തിയത്.
ഈ സമയം കുട്ടി അബോധാവസ്ഥയിലായിരുന്നു. കുട്ടിയെ ഉടൻതന്നെ ആശുപത്രിയിലെത്തിച്ചുവെങ്കിലും മരണം സംഭവിച്ചിരുന്നു. കുട്ടിയുടെ കഴുത്തി ൽ മുറിവ് ഉണ്ടായിരുന്നതായും അതിനാലാണ് കൊലപാതകമെന്ന് സംശയിച്ചതെന്നും പോലീസിൽ നൽകിയ പരാതിയിൽ അരവിന്ദ് പറഞ്ഞു.
അരവിന്ദിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസെടുത്തു. അന്വേഷണത്തിലാണ് കുട്ടിയുടെ അമ്മയായ പൂനം ദേവിയെ പോലീസ് അറസ്റ്റ് ചെയ്തത്. ഇവർ കുറ്റം സമ്മതിച്ചു. പോലീസ് ഇവരെ ചോദ്യം ചെയ്തുവരികയാണ്.

































