ഇടുക്കിയിൽ ഏലം കർഷകരെ കബളിപ്പിച്ച് കോടികൾ തട്ടിയെടുത്തതായി പരാതി. വിപണി വിലയെക്കാൾ 500 രൂപ മുതൽ 1000 രൂപ വരെ അ ധികം വിലയിട്ട് ഏലക്ക സംഭരിച്ച ശേഷം പണം നൽകാതെ കർഷകരെ കബളിപ്പിക്കുകയായിരുന്നു. 30 മുതൽ 40 ദിവസത്തിനുള്ളിൽ പണം നൽകാമെന്ന് പറഞ്ഞാണ് ഏലക്ക വാങ്ങിയിരുന്നത്.
പാലക്കാട് കരിമ്പ സ്വദേശി മുഹമ്മദ് നസീർ ഇയാളുടെ ഭാര്യ എന്നിവർക്കെതിരേയാണ് പരാതി ഉയർന്നിട്ടുള്ളത്. ഇരുവരും ഒളിവിലാണ്. തട്ടിപ്പ് 100 കോടിക്ക് മുകളിൽ വരുമെന്നാണ് കണക്കാക്കുന്നത്. 200ലധികം കർഷകർ തട്ടിപ്പിന് ഇരയായിട്ടുണ്ടെന്നാണ് വിവരം.
പണം ലഭിക്കാനുള്ളവർ ഇടുക്കി ജില്ലയിലെ വിവിധ സ്റ്റേഷനുകളിൽ പരാതി നൽകിയിരിക്കുകയാണ്. അടിമാലി സ്റ്റേഷനിൽ മാത്രം ഇയാൾക്കെതിരേ 21 പരാതികൾ ലഭിച്ചിട്ടുണ്ട്. അഞ്ചു കോടി രൂപയുടെ തട്ടിപ്പാണ് ഈ പരാതികളിൽ ഉള്ളത്.
എൻഗ്രീൻ ഇന്റർനാഷണൽ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിൻ്റെ പേരിൽ വിവിധ സ്ഥലങ്ങളിൽ കടമുറികൾ വാടകയ്ക്ക് എടുത്ത ശേഷം ജോലിക്കാരെ വച്ച് ഏലക്ക സംഭരിക്കുകയായിരുന്നു തുടക്കത്തിൽ കുറച്ചുപേർക്ക് പണം നൽകിയെങ്കിലും പിന്നീട് ഏലക്ക നൽകിയവർക്ക് ആർക്കും പണം ലഭിച്ചില്ല. തട്ടിപ്പനിരയായവരിൽ 50,000 രൂപ മുതൽ 75 ലക്ഷം വരെ ലഭിക്കാൻ ഉള്ളവരുണ്ട്.
ഏകദേശം ഏഴ് മാസത്തിനു മുമ്പാണ് എൻഗ്രീൻ ഇൻ്റർനാഷണൽ ഇടുക്കിയുടെ വിവിധ ഇടങ്ങളിൽ ഏലക്ക സംഭരണവുമായി രംഗത്ത് എത്തിയത്. ഓരോ സ്ഥലങ്ങളിലും കമ്മീഷൻ അടിസ്ഥാനത്തിൽ ഏജൻ്റുമാരെയും ഏർപ്പെടുത്തിയിരുന്നു. ഏലക്ക ഗ്രേഡ് അനുസരിച്ച് തരംതിരിക്കുന്നതിനായി അടിമാലിയിൽ ഒരു സെൻ്ററും ഇയാൾ തുറന്നിരുന്നു. ഹൈറേഞ്ചിലെ വിവിധ സ്ഥലങ്ങളിൽനിന്ന് സംഭരിക്കുന്ന ഏലക്ക ഇവിടെയാണ് എത്തിച്ചിരുന്നത്. 50 ജോലിക്കാരും ഇവിടെയുണ്ടായിരുന്നു.
ഏലക്ക നൽകി മാസങ്ങൾ കഴിഞ്ഞിട്ടും പണം ലഭിക്കാത്ത കർഷകർ മുഹമ്മ ദ് നസീറിനെ വിളിച്ചപ്പോൾ പണം നൽകാമെന്ന വാട്‌സ്ആപ്പ് സന്ദേശം മാത്ര മാണ് ലഭിച്ചത്. പണം ലഭിക്കാൻ ഉള്ളവർക്ക് ചെക്കുകൾ നൽകിയെങ്കിലും അക്കൗണ്ടിൽ പണമില്ലാത്തതിനാൽ ഇതെല്ലാം മടങ്ങി.
ഇപ്പോൾ ഇയാളുടെ ഫോൺ സ്വിച്ച് ഓഫ് ചെയ്‌ത നിലയിലാണ്. ഒരു മാസം മുൻപ് 17 ദിവസത്തിനുള്ളിൽ പണം നൽകാമെന്ന് പറഞ്ഞ് ഇയാൾ വ്യാപകമായി ഏലക്ക സംഭരിച്ചിരുന്നു. ഇതിനുശേഷമാണ് മുങ്ങിയത്.

































