തൃശൂർ ചാവക്കാട് ആഭിചാരക്രിയ നടത്തി യുവതിയെ കബളിപ്പിച്ച് സ്വർണ്ണാഭരണങ്ങൾ തട്ടിയ കേസിലെ പ്രതികൾ അറസ്റ്റിൽ. കേസിൽ ചാവക്കാട് തിരുവത്ര രായമ്മരക്കാരു വീട്ടിൽ നാസർ മകൻ ജംഷീർ (34), പുന്ന മുണ്ടോക്കിൽ മുസ്തഫയുടെ മകൻ കെ.പി.ഫാറൂഖ് (34) എന്നിവരാണ് അറസ്റ്റിലായത്.
ചാവക്കാട് പൊലീസാണ് ഇവരെ അറസ്റ്റ് ചെയ്‌തത്. ഭർത്താവുമായി ജീവിച്ചാൽ മരണം വരെ സംഭവിക്കുമെന്ന് പറഞ്ഞ് ഭയപ്പെടുത്തി അതിന് പരിഹാരമായി ആഭിചാരക്രിയ ചെയ്യുന്നതിനായി യുവതിയുടെ കയ്യിൽ നിന്നു 15 പവൻ സ്വർണ്ണാഭരണങ്ങളാണ് പ്രതികൾ അടിച്ച് മാറ്റിയത്.
പലസമയത്തായാണ് പ്രതികൾ പൂജയുടെ പേര് പറഞ്ഞ് യുവതിയിൽ നിന്നും സ്വർണ്ണം തട്ടിയെടുത്തതെന്ന് പൊലീസ് പറഞ്ഞു. കുറച്ച് നാൾ കഴിഞ്ഞ് സ്വർണം തിരികെ ചോദിച്ചപ്പോഴാണ് യുവതിക്ക് ചതി മനസിലായത്.
സ്വർണ്ണം തിരികെ ചോദിച്ച പരാതിക്കാരിക്ക് റോൾഡ് ഗോൾഡിന്റെ ആഭര ണങ്ങൾ തിരികെ നൽകി വിശ്വാസവഞ്ചന ചെയ്യുകയും ചെയ്‌തു പ്രതികളെന്ന് പൊലീസ് പറഞ്ഞു. സ്വർണ്ണം വിറ്റു കിട്ടിയ പൈസ ഉപയോഗിച്ച് തമിഴ്‌നാട് കേന്ദ്രീകരിച്ചുള്ള ദർഗ്ഗകളിൽ ചുറ്റിക്കറങ്ങുകയും ആഢംബര ജീവിതം നയിക്കുകയുമാണ് പ്രതികളുടെ രീതി.
































