അന്തർസംസ്ഥാന തൊഴിലാളിയെ തട്ടിക്കൊണ്ടുപോയി മർദിച്ച് പണം തട്ടിയ കേസിൽ അഞ്ച് പേർ പൊലീസ് പിടിയിലായി. വെണ്ണല കൊച്ചാപ്പിള്ളി വീട്ടിൽ കെ.ജി. മിഥുൻ(40), എരൂർ കോഴിവെട്ടുംവെളി എൻ.എച്ച്. സുൽഫിക്കർ (32), വെണ്ണല പാലമൂട്ടിൽ മാർഷസ് ക്ലമന്റ് സിൽവ(45), ചളിക്കവട്ടം പൂവത്തിങ്കൽ അഭി.കെ. അഷ്റഫ്(33), പാലമൂട്ടിൽ മാർട്ടിൻ ക്ലമൻറ് ഡിസിൽവ (49) എന്നിവരെയാണ് എറണാകുളം നോർത്ത് എസ്.ഐ. ടി.എസ്. രതീഷിന്റെ നേതൃത്വത്തിലുള്ള സംഘം നഗരത്തിന്റെ വിവിധയിടങ്ങളിൽനിന്ന് അറസ്റ്റ് ചെയ്തത്. കലൂർ മാർക്കറ്റിലെ ഇറച്ചിക്കോഴി കടയിൽ ജീവനക്കാരനായ അസം സ്വദേശി ഹബീബുൽ റഹ്മാനെയാണ് തട്ടിക്കൊണ്ടുപോയി മർദിച്ചത്.
സമീപത്ത് മറ്റൊരു ഇറച്ചിക്കോഴി കട നടത്തുകയാണ് പ്രതി മിഥുൻ. കഴിഞ്ഞ 13ന് വൈകിട്ട് 3.30ന് കലൂരിലെ വീട്ടിലേക്ക് പോകുകയായിരുന്ന ഹബീബിനെ ഭീഷണിപ്പെടുത്തി മിഥുനും സുൽഫിക്കറും ചേർന്ന് ബൈക്കിൽ കയറ്റിചളിക്കവട്ടത്തെ ഒരു വീട്ടിൽ എത്തിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഈസമയം മറ്റു മൂന്നു പ്രതികളായ മാർഷസ്, അഭി അഷ്റഫ്, മാർട്ടിൻ എന്നിവരും എത്തി. തുടർന്ന് കമ്പിവടിക്കൊണ്ട് മർദിക്കുകയായിരുന്നു. ഇതിനിടെ ഗൂഗിൾപേ പാസ് വേഡ് വാങ്ങി ഹബീബുൾ റഹ്മാന്റെ അക്കൗണ്ടിൽനിന്ന് 70000 രൂപ മിഥുൻ തന്റെ അക്കൗണ്ടിലേക്ക് മാറ്റി. കൂടാതെ പോക്കലിറ്റുണ്ടായിരുന്ന പണവും കൈക്കലാക്കി ഹബീബു റഹ്മാനെ കലൂരിൽ ഇറക്കിവിട്ടെന്നാണ് പരാതി.
അവശനിലയിലായ ഇയാൾ സമീപത്തെ ആശുപത്രിയിൽ ചികിത്സതേടുകയായിരുന്നു. ആശുപത്രി അധികൃതർ വിവരം അറിയിച്ചതിനെ തുടർന്ന് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. എന്നാൽ, തനിക്ക് നൽകാനുണ്ടായിരുന്ന പണം നിർബന്ധപൂർവം വാങ്ങുകയായിരുന്നുവെന്നാണ് പ്രതിയുടെ മൊഴി. കോടതിയിൽ ഹജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

































