പെരുമ്പാവൂര്‍: യുവാവിനെ തട്ടിക്കൊണ്ടുപോയി മർദിച്ച് മൊബൈല്‍ ഫോണും പണവും തട്ടിയെടുത്ത് മുങ്ങിയ സംഘം പിടിയില്‍.
കോടനാട് ആലാട്ടുചിറ തേനന്‍ വീട്ടില്‍ ജോമോന് (38), നായത്തോട്, അരീക്കല്‍ വീട്ടില്‍ ബേസില്‍ ജോണ്‍ ബേബി (19), നായത്തോട് മേപ്പിരിയാടത്ത് വീട്ടില്‍ അഭിജിത്ത് ഷൈജു (19) പ്രയപൂര്‍ത്തിയാകാത്ത ഒരാള്‍ എന്നിവരാണ് കോടനാട് പൊലീസിന്റെ പിടിയിലായത്. കുറിച്ചിലക്കോട് മൂഴി ഭാഗത്തുള്ള യുവാവിനെയാണ് സംഘം തട്ടിക്കൊണ്ടുപോയത്. നെടുമ്പാശ്ശേരിയില്‍ ആള്‍പാര്‍പ്പില്ലാത്ത സ്ഥലത്ത് യുവാവിനെ എത്തിച്ച സംഘം മര്‍ദിച്ച് കൈയിലിരുന്ന 20,000 രൂപയുടെ ഫോണും 10,000 രൂപയും തട്ടിയെടുക്കുകയായിരുന്നു. നിരവധി ക്രിമിനല്‍ കേസിലെ പ്രതിയും ഗുണ്ട ലിസ്റ്റിലുള്ളതുമായ ജോമോനെ അടുത്തിടെ മറ്റൊരു കേസില്‍ കോടനാട് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇത് യുവാവ് ഒറ്റിക്കൊടുത്തത് മൂലമാണെന്ന് തട്ടിക്കൊണ്ടുപോയി മർദിച്ചത്. സംഭവത്തിന് ശേഷം തണ്ടേക്കാട് സ്കൂളില്‍ എത്തി ജോമോനും സംഘവും ബഹളമുണ്ടാക്കിയിരുന്നു. ശേഷം കുട്ടമ്പുഴയിലെ കുഞ്ചിപ്പാറയിലുള്ള വനത്തില്‍ ഒളിവില്‍ കഴിയുകയായിരുന്നു. കോടനാട് എസ്.എച്ച്.ഒ എ.എല്‍ അഭിലാഷ്, എസ്.ഐമാരായ പി.ജെ. കുര്യാക്കോസ്, എം. ശിവന്, എ.എസ്.ഐ. അജി പി. നായര്‍, എസ്.സി.പി.ഒ സുനില്‍ കുമാര്‍, സി.പി.ഒമാരായ ജിസ്മോന്, ബെന്നി ഐസക്ക്, എ.എസ് അനൂപ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.































