കൊച്ചി: മസാല ബോണ്ട് കേസിൽ മുൻ മന്ത്രി ടി.എം. തോമസ് ഐസകിനെതിരായ ഇഡിയുടെ അപ്പീൽ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഫെമ നിയമ ലംഘനവുമായി ബന്ധപ്പെട്ട ഇടപാടുകളെ കുറിച്ചുള്ള വ്യക്തതയ്ക്ക് തോമസ് ഐസകിന്റെ വിശദീകരണം ആവശ്യമാണെന്ന് സിംഗിൾ ബെഞ്ച് നേരത്തെ നിരീക്ഷണം നടത്തിയിരുന്നു.
തെരഞ്ഞെടുപ്പിന് മുമ്പ് ഹർജി പരിഗണിച്ച ഹൈക്കോടതി അടിയന്തര വാദം കേൾക്കേണ്ട സാഹചര്യം എന്താണെന്ന് ഇഡിയോട് ചോദിച്ചിരുന്നു. ഇഡിയുടെ നടപടി തെരഞ്ഞെടുപ്പിനെ ബാധിക്കുമെന്ന് പത്തനംതിട്ട മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർഥിയായ തോമസ് ഐസക് കോടതിയിൽ പറഞ്ഞിരുന്നു.
തെരഞ്ഞെടുപ്പ് സമയത്ത് ഐസക്കിനെ ചോദ്യം ചെയ്യേണ്ടതില്ലെന്ന സിംഗിൾ ബെഞ്ചിന്റെ ഇടക്കാല ഉത്തരവും ഇഡി സമൻസിനെതിരായ ഐസകിന്റെ ഹർജിയും റദ്ദാക്കണമെന്നാണ് ഇഡിയുടെ ആവശ്യം. അപ്പീൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഇന്ന് വീണ്ടും പരിഗണിക്കും.

































