രാഷ്ട്രീയകാര്യ ലേഖകൻ
തിരുവനന്തപുരം: പത്തനംതിട്ടയിൽ കോൺഗ്രസിന് വേണ്ടി പ്രചരണത്തിന് പോകുന്നത് ആരോഗ്യസ്ഥിതി പോലിരിക്കുമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് എ. കെ. ആൻ്റണി കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. പത്തനംതിട്ടയിൽ എൻഡിഎ സ്ഥാനാർഥിയായി മത്സരിക്കുന്നത് മകൻ അനിൽ ആൻ്റണിയാണ്. അപ്പോൾ എ. കെ. ആൻ്റണി ഏതു രൂപേണയും പത്തനംതിട്ടയിൽ വരുവാനുള്ള സാഹചര്യം കാണുന്നില്ല. മകൻ്റെ ബിജെപി പ്രവേശനം തൻ്റെ അറിവോടുകൂടിയല്ലെന്ന് ആൻ്റണി വ്യക്തമാക്കുന്നു. എന്നാൽ ഭാര്യ എലിസബത്ത് ആൻ്റണി പറയുന്നത് ആലപ്പുഴ കലവൂരുള്ള കൃപാസനത്തിൽ നിന്നുള്ള വെളിപാടാണ് മകൻ ബിജെപിയിൽ ചേരുവാനുള്ള കാരണമെന്നാണ്.ചുരുക്കം പറഞ്ഞാൽ എ.കെ ആൻ്റണിയെ ധിക്കരിച്ച് ഒരിക്കലും മകൻ മറ്റൊരു പാതയെ സഞ്ചരിക്കുകയില്ലെന്നത് വ്യക്തമാണ്. കെപിസിസി തീരുമാനിക്കുന്ന പട്ടിക അനുസരിച്ച് മാത്രമായിരിക്കും ഇലക്ഷൻ പ്രചരണത്തിന് ഇറങ്ങുക എന്നാണ് ആൻ്റണി പറയുന്നത്. തിരുവനന്തപുരം കേന്ദ്രീകരിച്ചായിരിക്കും കൂടുതലും പ്രവർത്തിക്കുക എന്ന് ആൻ്റണി വ്യക്തമാക്കുന്നു.
ആരോഗ്യസ്ഥിതിയുടെ പേരിൽ എ. കെ. ആൻ്റണിയെ ഒരു മണ്ഡലത്തിൽ ഒതുക്കുമെന്ന് വ്യക്തമാണ് അല്ലെങ്കിൽ ഈ തെരഞ്ഞെടുപ്പ് പ്രചരണിൽ നിന്നും ആൻ്റണിയെ മാറ്റി നിർത്തും.കേരളത്തിലെ ഇരുപത് ലോക്സഭാ മണ്ഡലങ്ങളിലും യുഡിഎഫ് സ്ഥാനാർത്ഥികൾക്ക് വേണ്ടി എ.കെ ആൻ്റണി പ്രചരണത്തിന് ഇറങ്ങിയാൽ പത്തനംതിട്ട ഒഴിവാക്കാൻ പറ്റില്ല അത് കേരള രാഷ്ട്രീയത്തിൽ ചർച്ച ചെയ്യപ്പെടുന്ന വിഷയമാണ്. മകനെതിരെ ആൻ്റണി ശബ്ദിക്കുമോ എന്നുപോലും പറയാൻ കഴിയില്ല.

നരേന്ദ്രമോഡി ഒരിക്കൽ കൂടി അധികാരത്തിൽ വന്നാൽ പലതും സംഭവിക്കാം അതോടൊപ്പം ഈ തെരഞ്ഞെടുപ്പോടുകൂടി നരേന്ദ്രമോഡി സർക്കാരിന്റെ അന്ത്യം കുറിക്കുമെന്നാണ് ആൻ്റണി പറയുന്നത്. കെപിസിസി നേതൃത്വം ആൻ്റണിയെ തെരഞ്ഞെടുപ്പ് പ്രചരണങ്ങളിൽ നിന്നും പരമാവധി ഒഴിവാക്കുവാൻ ശ്രമങ്ങൾ നടത്തും. കാരണം ആൻ്റണിയുടെ പ്രചരണം ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യം വെച്ച് നോക്കുമ്പോൾ ഗുണത്തിനേക്കാൾ കൂടുതൽ ദോഷം ചെയ്യുമെന്നാണ് ചില കോൺഗ്രസ് നേതാക്കന്മാരുടെ വിശ്വാസം.അതോടൊപ്പം ഐക്യ ജനാധിപത്യ മുന്നണിയിലെ ഘടകകക്ഷികൾക്ക് എ.കെ ആൻ്റണിയെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറക്കുന്നതിന് വളരെ താൽപ്പര്യം കാണുകയില്ല. അനിൽ ആൻ്റണിയുടെയും പത്മ വേണുഗോപാലിന്റെയും ബിജെപി പ്രവേശനം ഇടതുപക്ഷത്തിന് ഈ തെരഞ്ഞെടുപ്പിൽ യുഡിഎഫിനെ അടിക്കാൻ കിട്ടുന്ന ഒരു വടിയാണ്. രണ്ട് ഉന്നത കോൺഗ്രസ് നേതാക്കളുടെ മക്കൾ ബിജെപിയിലേക്ക് പോയത് എൽഡിഎഫിന് തെരഞ്ഞെടുപ്പ് പ്രചരണ ആയുധം തന്നെയാണ് അത് അവർ രാഷ്ട്രീയ പരമായി ഉപയോഗപ്പെടുത്തും.

പത്തനംതിട്ടയിൽ പി.സി ജോർജിന് സീറ്റ് നൽകാത്തതിനെ തുടർന്ന് അമർഷം രേഖപ്പെടുത്തിയ ജോർജ് പറഞ്ഞത് പാർട്ടി നേതൃത്വം സീറ്റ് നൽകിയ അനിൽ ആൻ്റണിയെ പത്തനംതിട്ടക്കാർക്ക് പരിചയപ്പെടുത്തേണ്ടതായി വരുമെന്നാണ്.എ.കെ ആൻ്റണിയുടെ മകനാണെങ്കിലും അനിൽ ആൻ്റണിയെ പത്തനംതിട്ടക്കാർക്ക് വേണ്ടത്ര പരിചയമില്ല
അങ്ങനെ ആണെങ്കിൽ മകന് വേണ്ടി ആൻ്റണി വോട്ട് അഭ്യർത്ഥിക്കേണ്ടതായി വരും. ആൻ്റണി കോൺഗ്രസുകാരനായതുകൊണ്ട് അത് കഴിയുകയില്ലെന്നും ജോർജ് പറഞ്ഞിരുന്നു.
ഒരു സ്വകാര്യ ചാനലിനോട് അനിൽ ആൻറണി പ്രതികരിച്ചത്
കോൺഗ്രസുകാർ ഈ പാർട്ടി അടച്ചുപൂട്ടി വല്ല പാകിസ്ഥാനിലും പോയി പാർട്ടി യൂണിറ്റ് ഉണ്ടാക്കി അവിടെ തിരഞ്ഞെടുപ്പിന് നിൽക്കണമെന്ന് പത്തനംതിട്ടയിലെ എൻഡിഎ സ്ഥാനാർഥി അനിൽ ആന്റണി. യുഡിഎഫ് സ്ഥാനാർഥി ആൻ്റോ ആൻ്റണിയ്ക്കെതിരെ ‘രാജ്യദ്രോഹി’ പരാമർശവും അനിൽ നടത്തി.ആന്റോ ആന്റണി ആദ്യത്തെ ദിവസം തന്നെ തീവ്രമനോഭാവമുള്ള ചില ന്യൂനപക്ഷ വോട്ടുകൾക്കു വേണ്ടി രാജ്യദ്രോഹം പറഞ്ഞ വ്യക്തിയാണ്. രാജ്യദ്രോഹിയായ ആൻ്റോയ്ക്ക് വേണ്ടി രാജ്യസ്നേഹിയായ ഒരു വ്യക്തിയും ഇവിടെ ക്യാമ്പെയ്ന് വരുമെന്നോ, ഇദ്ദേഹത്തിന് വോട്ട് ചെയ്യുമെന്നോ തോന്നുന്നില്ല. പാകിസ്ഥാനിലേക്ക് പോകണമെന്ന് എ.കെ. ആൻ്റണിയോട് കൂടിയാണോ പറയുന്നതെന്ന് മാധ്യമപ്രവർത്തകൻ ചോദിച്ചപ്പോൾ എ.കെ. ആൻ്റണി പാർലമെൻ്ററി രാഷ്ട്രീയത്തിൽ നിന്ന് റിട്ടയേർഡ് ചെയ്തയാളാണെന്നും രാഹുൽ ഗാന്ധി നയിക്കുന്ന, ഇപ്പോൾ സജീവമായി കോൺഗ്രസ് പാർട്ടിയിലുള്ളവരോടാണ് പറയുന്നതെന്നുമായിരുന്നു അനിലിന്റെ മറുപടി

































