മാസപ്പടി കേസിൽ ഇഡി അന്വേഷണം ആരംഭിച്ചു. കൊച്ചി ഇഡി യൂണിറ്റാണ് കേസ് റജിസ്‌റ്റർ ചെയ്തിരിക്കുന്നത്. എസ്എഫ്ഐഒ അന്വേഷണം നടക്കുന്നതിനിടയിലാണ് നടപടി. ആദായ നികുതി വകുപ്പിൻ്റെ റിപ്പോർട്ടുകളുടെ അടിസ്‌ഥാനത്തിലാണ് കേസ്. എക്സാലോജിക് അടക്കം ഇഡി അന്വേഷണ പരിധിയിൽ വരും. കുറച്ചുദിവസങ്ങളായി ഇഡി ഇക്കാര്യത്തിൽ പ്രാഥമിക അന്വേഷണം നടത്തിയിരുന്നു. തുടർന്നാണ് ഇസിഐആർ റജിസ്റ്റർ ചെയ്‌ത് അന്വേഷണം ആരംഭിച്ചിരിക്കുന്നത്. കരിമണൽ കമ്പനിയായ സിഎംആർഎലിൽനിന്ന് എക്‌സാലോജിക് സൊലൂഷൻസ് കമ്പനിക്ക് അനധികൃതമായി പണം ലഭിച്ചതിനെക്കുറിച്ചാണ് സീരിയസ് ഫ്രോഡ് ഇൻവെസ്‌റ്റിഗേഷൻ ഓഫിസ് (എസ്എഫ്ഐഒ) അന്വേഷണം നടക്കുന്നത്.
മാസപ്പടി കേസിലെ കള്ളപ്പണ ഇടപാട് കൂടി പരിശോധിക്കുന്നതിന് വേണ്ടിയാണ് എൻഫോഴ്‌സ്മെൻ്റ് ഡയറക്‌ടറേറ്റ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്. പ്രാഥമിക അന്വേഷണത്തിൽ തുടരന്വേഷണമാകാം എന്ന നിഗമനത്തിലെത്തിയതോടെയാണ് ഇ.ഡി കേസ് രജിസ്‌റ്റർ ചെയ്‌തത്. വീണ വിജയന്റെ എക്സാലോജിക് കമ്പനി, സിഎംആർഎൽ, കെഎസ്ഐഡിസി എന്നിവർക്കെതിരെയാണ് പ്രാഥമികമായി അന്വേഷണം നടക്കുക. ഇവരുടെ സാമ്പത്തിക ഇടപാടുകൾ ഇഡി പരിശോധിക്കും.

































